‘മുപ്പത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പണത്തിന്റെ പേരില്‍ ചിക്കണ്ണയെയും ജയമ്മയെയും വീട്ടുകാര്‍ രണ്ടാക്കിയത്. ഇരുവരുടെയും യൗവ്വനകാലത്തെ പ്രണയത്തിന് യാതൊരു വിലയും കല്‍പ്പിക്കാതെ ഇരുവരെയും വീട്ടുകാര്‍ രണ്ടാക്കുകയായിരുന്നു.
പ്രണയത്തേക്കാള്‍ പണത്തിന് വില നല്കിയ വീട്ടുകാര്‍ ഇരുവരെയും രണ്ടാക്കി മാറ്റി. എന്നാല്‍, ജീവിതം അവരെയിതാ വീണ്ടും ഒരുമിച്ചാക്കിയിരുന്നു. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദിവ്യ പ്രണയിതാക്കള്‍ ഒന്നായി തീര്‍ന്നിരിക്കുകയാണ്’- സിനിമ കഥ പോലെ തോന്നുമെങ്കിലും കര്‍ണാടകയിലെ ഹാസന് ജില്ലയിലെ ദേവദാമുദനഹള്ളി ഗ്രാമത്തില്‍ നടന്ന സംഭവകഥയാണ് ഇത്.
ചിക്കണ്ണയും ജയമ്മയുമാണ് ഈ കഥയിലെ നായിക നായകന്മാര്. കര്‍ണാടകയിലെ ഹാസന് ജില്ലയിലെ ദേവദാമുദനഹള്ളി ഗ്രാമത്തിലാണ് ഇരുവരും ജനിച്ചതും വളര്‍ന്നതും. ചെറുപ്പം മുതല്‍ കളിക്കൂട്ടുകാരായിരുന്നു ഇരുവരും. ഇതിനിടയില്‍ ഇരുവര്‍ക്കുമിടയില്‍ എപ്പോഴോ ഒരു പ്രണയം ഉണ്ടായി.
പ്രണയം തീവ്രമായി എങ്കിലും ജയമ്മയുടെ മാതാപിതാക്കള്‍ ചിക്കണ്ണയ്ക്ക് ജയമ്മയെ വിവാഹം കഴിച്ച് നല്‍കില്ലെന്ന് വാശിപിടിച്ചു. നിര്‍മാണത്തൊഴിലാളിയായ ചിക്കണ്ണയെ സ്വീകരിക്കാന്‍ ജയമ്മയുടെ മാതാപിതാക്കള്‍ക്ക് കഴിയില്ലായിരുന്നു. അവര്‍ പ്രണയത്തേക്കാള്‍ വില പണത്തിന് നല്കി.
അങ്ങനെ ജയമ്മയ്ക്കായി ഒരു പണക്കാരനെ പയ്യനെ കണ്ടെത്തി. ഇയാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. വീട്ടുകാരെ എതിര്‍ക്കാനോ സങ്കടപെടുത്താനോ കഴിയാതിരുന്ന ജയമ്മ മനസ്സില്ലാ മനസ്സോടെ ഈ വിവാഹത്തിന് സമ്മതിച്ചു. വിവാഹശേഷവും ജയമ്മ ഭര്‍ത്താവിനൊപ്പം അതേ ഗ്രാമത്തില്‍ തന്നെ താമസിച്ചു.
എന്നാല്‍ ഇത് താങ്ങാന്‍ ചിക്കണ്ണയ്ക്ക് കഴിയുമായിരുന്നില്ല. നിരാശ ജീവിതം നശിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ ചിക്കണ്ണ നാടുവിട്ടു. മൈസൂരിനടുത്തുള്ള മെറ്റഗള്ളി എന്ന മറ്റൊരു ഗ്രാമത്തിലേക്ക് അയാള്‍ താമസം മാറി. അവിടെ കൂലിപ്പണി ചെയ്തു ജീവിതം കഴിച്ചു.
നാട് വിട്ടെങ്കിലും ജയമ്മയെ മറക്കാന്‍ ചിക്കണ്ണയ്ക്ക് കഴിയുമായിരുന്നില്ല. അത്രയും ആഴത്തിലേക്ക് ആ പ്രണയം പതിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഒരു വിവാഹത്തെ കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. ഒരിക്കലും പിന്നീട് ജയമ്മയെ കാണാന്‍ ചിക്കണ്ണ പോയിരുന്നില്ല. ജയമ്മയുടെ വിവാഹജീവിതം അത്ര നല്ലതായിരുന്നില്ല. അവള് ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു.
ഭാര്യ എന്ന നിലയിലും, അമ്മ എന്ന നിലയിലുമുള്ള എല്ലാ കടമകളും മുടക്കം കൂടാതെ നിറവേറ്റി. എന്നിട്ടും ഭര്‍ത്താവ് അവളെ ഉപേക്ഷിച്ച് പോയി. ജയമ്മ ജീവിത മാര്‍ഗം തേടി മകനോടൊപ്പം മൈസൂരിലേക്ക് താമസം മാറി. ജയമ്മയുടെ ജീവിതത്തില്‍ സംഭവിച്ച ദുരനുഭവത്തെ കുറിച്ച് ചിക്കണ്ണ അറിയാന്‍ ഇടയായി.
ഇത് ചിക്കണ്ണയെ ഏറേ വേദനിപ്പിച്ചു. ജയമ്മ ജീവിതത്തില്‍ തനിച്ചായി പോയി എന്ന വാര്‍ത്ത ചിക്കണ്ണയ്ക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. ചിക്കണ്ണ ജയമ്മയെ വീണ്ടും കാണാന്‍ ആഗ്രഹിച്ചു. രണ്ടാമത്തെ കൂടിക്കാഴ്ചയിലാണ് ഇരുവരും തങ്ങളുടെ പ്രണയം എത്രമാത്രം ആഴത്തിലുള്ളതായിരുന്നുവെന്ന് തിരിച്ചറിയുന്നത്.
വെറുമൊരു കൗമാര പ്രണയമായിരുന്നില്ല തങ്ങളുടേതെന്നും, മറിച്ച് ഒരിക്കലും മറികടക്കാനാവാത്ത ആത്മബന്ധമാണതെന്നും അവര്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ അവര്‍ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ മുപ്പത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 65-ാം വയസ്സില്‍ ഇരുവരും ഒന്നായി.
മേലുകോട് ശ്രീചെലുവ നാരായണ സ്വാമി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. ഇനിയുള്ള കാലമെങ്കിലും തങ്ങള്‍ക്ക് ഒരുമിച്ച് കഴിയാന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് അവര്‍ ഇപ്പോള്‍. ‘അവള് എന്നും എന്റെ ചിന്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
ഒരു പ്രത്യേക കാരണത്താല്‍ ഞങ്ങള്‍ക്ക് ഒന്നിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇനി മരണം വരെ ഒന്നിച്ച് ജീവിക്കാനാണ് ഞങ്ങളുടെ തീരുമാനം. ഒരിക്കല്‍ സ്വപ്നം കണ്ടിരുന്നതുപോലെ അവസാന വര്‍ഷങ്ങളിലെങ്കിലും നമുക്കൊരുമിച്ചിരിക്കാം’ -എന്നാണ് ചിക്കണ്ണ പറയുന്നത്.
Discussion about this post