സ്വന്തം അമ്മയെ കുറിച്ച് മകന് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കല്യാണം കഴിഞ്ഞ അന്ന് മുതല്‍ തന്റെ ഉമ്മ ഏറ്റ് വാങ്ങിയ മര്‍ദ്ദനങ്ങളുടെയും പീഢനങ്ങളുടെയും കഥയാണ് യുവാവ് കുറിക്കുന്നത്. വിപി മുഹമ്മദ് അനസ് എന്ന യുവാവ് സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പങ്കു വച്ച കുറിപ്പ് വായിക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്നതാണ്.
കുറിപ്പ് ഇങ്ങനെ:
കല്യാണം കഴിഞ്ഞു ഒമ്പതാം മാസം 8 മാസം വയറ്റില്‍ കഴിയുന്ന എന്നെയും കൊണ്ട് എന്റെ ഉമ്മ ആരോടും പറയാതെ പോലീസ് സ്റ്റേഷനില്‍ പോയി. കാരണം എന്തെന്നാല്‍, കല്യാണത്തിന്റെ അന്ന് തൊട്ട് ഉമ്മയുടെ കയ്യിലുള്ള സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ തന്നെ മാനസികമായും, ശാരീരികമായും ഉപദ്രവിക്കുകയും, തന്റെ സമ്മതമില്ലാതെ സ്വര്‍ണങ്ങളെല്ലാം മോഷ്ടിക്കുകയും, സ്വര്‍ണം നല്‍കാത്തതിന്റെ പേരില്‍ പട്ടിണിക്കിടുകയും,ഞാനൊരു ബാധ്യതയാണെന്ന് മനസ്സിലായപ്പോള്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും ക്രൂരതകളെ കുറിച്ചും, എന്ത് വന്നാലും വയറ്റില്‍ ഒക്കെ ആയില്ലേ… ഇനി എല്ലാം സഹിച്ചൊക്കെ നിക്ക് എന്ന് ഉപദേശിക്കുന്ന നാട്ടു – വീട്ടുകാര്‍ക്കെതിരെയും പരാതി പറയാനായിരുന്നു അത്.
ഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാകണം എന്ന് നിശ്ചയിച്ച ഉമ്മയുടെ മുമ്പില്‍ ഉപ്പയെ അത്യാവശ്യം വിരട്ടിയ ശേഷം പോലീസ് ഒരു കരാര്‍ വെച്ചു. ഇനി മുന്നോട്ട് പോകണോ, വേണ്ടയോ എന്ന് ഇപ്പോള്‍ തീരുമാനിക്കാം. ഇനി ഇയാളോടൊപ്പം ജീവിക്കാന്‍ താത്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പൊ തുറന്നു പറയാം. ഉമ്മയുടെ വീട്ടുകാര്‍ എല്ലാം ആ സമയം ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങിയപ്പോള്‍ എന്റെ പുന്നാര ഉമ്മ പതിയെ വയറ്റില്‍ കൈവെച്ച് എന്നെ തലോടി. ‘താനിപ്പോ ബന്ധം ഉപേക്ഷിച്ചാല്‍ ഈ കുട്ടി വളര്‍ന്നു വലുതായി എന്റെ ഉപ്പയെ നഷ്ടപ്പെടുത്തിയത് നിങ്ങളല്ലേ എന്ന് തന്നോട് തിരിച്ചു ചോദിച്ചാല്‍ താനെന്ത് ഉത്തരം നല്‍കുമെന്ന്’ ഒരു നിമിഷം ഉമ്മ ശങ്കിച്ചു.എന്നിട്ട് പറഞ്ഞു കുഞ്ഞിന്റെ ഭാവി ഓര്‍ത്ത് മുന്നോട്ട് പോകാമെന്ന്.
ഉമ്മ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് ഞാനിപ്പോ പറയും.കാരണം,ഒത്തുപോയതിന് ശേഷം അവസാനം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം വേര്‍പെടുന്നത് വരെ ജീവിതത്തില്‍ സുഖമെന്താണെന്ന് എന്റെ ഉമ്മ അറിഞ്ഞിട്ടില്ല.എന്റെ പ്രസവം തൊട്ട് മൂന്ന് പ്രസവങ്ങളിലും, ഒരനിയന്‍ മരിച്ചപ്പോഴും ഒരു ഭര്‍ത്താവിന്റെ സാന്നിധ്യം ഒരു ഭാര്യ ആഗ്രഹിക്കുന്ന നിമിഷത്തില്‍ പോലും നാട്ടില്‍ ഉണ്ടായിട്ട് പോലും ഉപ്പ വന്നില്ല. മാത്രമല്ല, ഉമ്മയുടെ സാമ്പാദ്യവും, സ്വര്‍ണങ്ങളുമെല്ലാം കൊള്ളയടിച്ചു, വീണ്ടും ആവശ്യപ്പെട്ടു കൊണ്ട് നിരന്തരം ശല്യപ്പെടുത്തി. അവസാനം, കാണാന്‍ കൊള്ളാവുന്ന വേറൊരുത്തിയെ കിട്ടിയപ്പോള്‍ വെറും ഒരു കോള്‍ കൊണ്ട് ബന്ധം അവസാനിപ്പിച്ചു. കുട്ടികള്‍ വലുതായ ഈ അവസ്ഥയില്‍ കുട്ടികളുടെ ഭാവിയോര്‍ത്ത് മുന്നോട്ട് പോകാന്‍ ഉമ്മ കെഞ്ചിയെങ്കിലും ഉപ്പ സമ്മതിച്ചില്ല.
അപ്പൊ പറഞ്ഞു വന്നത്, ജീവിതം ഒന്നേ ഉള്ളൂ, അതാര്‍ക്ക് വേണ്ടിയും ബലി കൊടുക്കാനുള്ളതല്ല. എന്റെ ഭാവി ഓര്‍ത്തുകൊണ്ട് മാത്രം എന്റെ ഉമ്മയുടെ യൗവ്വനവും, വൈവാഹിക ജീവിതവുമെല്ലാം അനിശ്ചിതത്തിലായത് പോലെ ആര്‍ക്കും ഈയൊരവസ്ഥ ഉണ്ടാവരുത്. കാരണം, ഉമ്മാക്ക് ശരിക്ക് വിദ്യാഭാസമോ, ഒരു തൊഴിലോ ഇല്ലാത്തത് തന്നെ ആയിരുന്നു ഒരു സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയാതിരുന്നത്. ആയതുകൊണ്ട്, സമൂഹം പറയുന്നത് കേള്‍ക്കാതെ, നിങ്ങള്‍ക്ക് കല്യാണം ആവശ്യമെന്ന് തോന്നുമ്പോള്‍ നിങ്ങള്‍ വിവാഹം ചെയ്യുക, നിങ്ങള്‍ക്ക് ആരോടാണോ താത്പര്യം അവരുമൊത്ത് ജീവിക്കുക, കാരണം ജീവിക്കേണ്ടത് നിങ്ങള്‍ ഒറ്റയ്ക്കാണ്.
ബന്ധങ്ങളില്‍ തുടര്‍ന്നു പോകാന്‍ കഴിയില്ല എന്ന ഘട്ടം വന്നാല്‍ അവ ഡ്രോപ് ചെയ്യാനും നിങ്ങള്‍ക്ക് കഴിയണം. നമ്മുടെ ഭാവി ആര്‍ക്കു വേണ്ടിയും കുരുതി കൊടുക്കരുത്. അവസാനം, അവര്‍ പോലും നമ്മോടൊപ്പം ഇല്ലാത്ത അവസ്ഥ ഉണ്ടായേക്കാം. ഒരു വിവാഹമോചനം കൊണ്ടൊന്നും നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്ന പരിപൂര്‍ണ ബോധ്യം ഉണ്ടാവുക.അറിവ് നേടുക, സ്വയം പര്യാപ്തത കൈവരിക്കുക, അന്തസ്സോടെ ജീവിക്കുക.
Discussion about this post