കൊച്ചി: തനിക്കെതിരായ ലൈംഗിക അതിക്രമക്കേസില്‍ പ്രതികരണവുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. സംഭവത്തില്‍ താനാണ് ഇര എന്നും പരാതിക്കാരി അയച്ച മെസേജുകള്‍ എല്ലാം തന്റെ കയ്യില്‍ ഉണ്ടെന്നും വിജയ് ബാബു പറഞ്ഞു.
വേണ്ടി വന്നാല്‍ താന്‍ ഇവ പുറത്ത് വിടുമെന്നും തെറ്റ് ചെയ്തിട്ടില്ലാത്ത കൊണ്ട് തനിക്ക് പേടിയില്ലെന്നും വിജയ് ബാബു പറഞ്ഞു. പരാതി നല്കിയ യുവ നടിയുടെ പേരും വിജയ് ബാബു വെളിപ്പെടുത്തി. ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു വിജയ് ബാബു പ്രതികരിച്ചത്.
വിജയ് ബാബുവിന്റെ വാക്കുകള്‍:
ഇവിടെ ഞാനാണ് ഇര. കേസില്‍ എന്റെ പേര് മാത്രമാണ് പുറത്ത് വന്നത്. എന്നാല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലാത്ത കൊണ്ട് തനിക്ക് പേടിയില്ല. പക്ഷേ തനിക്ക് എതിരെ പരാതി ഉന്നയിച്ച ആള് കേക്ക് കഴിച്ച് ആഘോഷിക്കുകയാണ്.
എന്റെ കുടുംബം, എന്റെ അമ്മ, എന്റെ ഭാര്യ, എന്റെ സുഹൃത്തുക്കള്‍, എന്നെ സ്നേഹിക്കുന്നവര്‍ എല്ലാം അനുഭവിക്കുന്ന ദുഃഖം പരാതിക്കാരിയും അറിയണം. അപ്പുറത്ത് നിയമത്തിന്റെ പരിരക്ഷയില്‍ സുഖമായിട്ടിരിക്കുന്നു എന്ന് പറയുമ്പോള്‍ എവിടുത്തെ ന്യായമാണ്.
അതുകൊണ്ട് താന്‍ പരാതിക്കാരിയുടെ പേര് പറയുകയാണെന്ന് പറഞ്ഞ് വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. തനിക്ക് എതിരെ പരാതി ഉന്നയിച്ച കുട്ടി എന്റെ സിനിമയില്‍ നായികയായി അഭിനയിച്ച കുട്ടിയാണ് എന്നും വിജയ് ബാബു പറഞ്ഞു.
2018 മുതല്‍ ഈ കുട്ടിയെ അറിയാം. 2021 വരെ ഞാനുമായി ഈ കുട്ടി ഒരു ചാറ്റും നടത്തിയിട്ടില്ല. ശരിയായ രീതിയില്‍ ഓഡീഷന് വഴി സിനിമയില്‍ വന്ന കുട്ടിയാണ്. എന്റെ ഒരു സിനിമയുടെ 100 ഡേ സെലിബ്രേഷനില്‍ ഈ കുട്ടി വന്നില്ല. എന്തുകൊണ്ട് വന്നില്ല എന്നറിയാന്‍ വിളിച്ചു. ടയര്‍ പഞ്ചറായി എന്നായിരുന്നു മറുപടി.ഇതിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം തനിക്ക ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് സാറിനെ വന്നൊന്ന് കാണണം എന്ന് മറുപടി നല്കി.
നവംബറിലാണ് പരിപാടി നടന്നത്. ഡിസംബര്‍ മുതല്‍ മെസേജ് അയക്കാന്‍ തുടങ്ങി. മാര്‍ച്ച് മുതല്‍ നേരില്‍ കാണാന്‍ തുടങ്ങി എന്നും വിജയ് ബാബു പറയുന്നു. ഈ കുട്ടി എനിക്ക് അയച്ച് 400 ഓളം സ്ക്രീന്‍ ഷോട്ടുകള്‍ എന്റെ കയ്യില്‍ ഉണ്ട്. വിവരങ്ങള്‍ പബ്ലിക്ക് ആക്കാന്‍ ഞാന്‍ തയ്യാറാണ്. അതിന്റെ പേരില്‍ എന്ത് കേസ് വന്നാലും നേരിടാന്‍ തയ്യാറാണ് എന്നും വിജയ് ബാബു പറഞ്ഞു.
ഒന്നര വര്‍ഷത്തോളം ഞാന്‍ ഈ കുട്ടിക്ക് ഒരു മേസേജും അയച്ചിട്ടില്ല. ഇവര്‍ക്ക് ഡിപ്രഷന് ആണെന്ന് പറഞ്ഞ് എന്നെക്കാണാന്‍ വന്ന ആളാണ്. അതിന് ശേഷം ഇവര്‍ അയച്ചിരിക്കുന്ന എല്ലാ മെസേജും എന്റെ കയ്യിലുണ്ട്. അതിന് ശേഷം ഉണ്ടായ കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയുന്നില്ല എന്നും വിജയ് ബാബു വീഡിയോയില്‍ പറഞ്ഞു.
ഇവിടെ ഇര ഞാനാണ്. പരാതിക്കാരിക്ക് എതിരെ ഞാന്‍ കൗണ്ടര്‍കേസും ഡിഫേമേഷനും ഫയല്‍ ചെയ്യും എന്നും വിജയ് ബാബു പറഞ്ഞു. നേരത്തെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോഴിക്കോട് സ്വദേശി നല്കിയ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവതിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റില്‍ വിളിച്ചുവരുത്തി നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതിയില്‍ പറയുന്നു.
Discussion about this post