ഫുട്ബോള്‍ ആരാധകര്‍ ഒന്നടങ്കം ഞെട്ടിയ മത്സരമായിരുന്നു ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീന-സൗദി അറേബ്യ മത്സരം. ലോക ഫുട്ബോളിലെ വമ്പന്മാരായ അര്‍ജന്റീനയെ സൗദി അറേബ്യ അട്ടിമറിച്ചത് വലിയ വാര്‍ത്തയായിരുന്നു. സൗദിയുടെ വിജയത്തിനുപിന്നാലെ സോഷ്യല്‍മീഡിയയില്‍ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. സൗദി ടീമിലെ കളിക്കാര്‍ക്ക് സല്മാന് രാജകുമാരന് റോള്‍സ് റോയ്സ് നല്കുന്നു എന്നായിരുന്നു വാര്‍ത്ത.
കോടികള്‍ വില മതിക്കുന്ന റോള്‍സ് റോയിസ് ഫാന്റം കാറുകള്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സൗദി ദേശീയ ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് സമ്മാനിക്കും എന്നതായിരുന്നു പരക്കെ പ്രചരിച്ച വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ അത്യാഡംബര വാഹനമായ റോള്‍സ് റോയിസ് ഫാന്റത്തിന് 9 മുതല്‍ 10.50 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ആവേശംകൊള്ളിക്കുന്ന വാര്‍ത്തയായതിനാല്‍ വന്‍ പ്രചാരമാണ് ഈ വാര്‍ത്തയ്ക്ക് ലഭിച്ചത്. എന്നാല്‍ ഇതേപറ്റി സൗദി കോച്ച് ഹെര്‍വ് റെനാഡും സ്ട്രൈക്കര്‍ അല്‍ ഷെഹ്രിയും ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.
സൗദി അറേബ്യ ടീമംഗങ്ങള്‍ക്ക് രാജകുടുംബം റോള്‍സ് റോയ്സ് സമ്മാനിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കോച്ച് ഹെര്‍വ് റെനാഡും സ്ട്രൈക്കര്‍ അല്‍ ഷെഹ്രിയും രംഗത്തെത്തിയിരിക്കുകയാണ്. ഇത് സത്യമല്ലെന്നും രാജ്യത്തെ പ്രതിനിധീകരിച്ചാണ് ഞങ്ങള്‍ ലോകകപ്പില്‍ കളിക്കുന്നതെന്നും ഇത് തങ്ങളുടെ ഏറ്റവും വലിയ നേട്ടമാണെന്നും അല്‍ ഷെഹ്രി പ്രതികരിച്ചു. സമ്മാനമായി എന്തെങ്കിലും സ്വീകരിക്കാനുള്ള സമയമല്ല ഇതെന്നും തങ്ങളുടെ ടീം വണ്‍ ഹിറ്റ് വണ്ടറല്ലെന്നും കളിയെ കാര്യമായാണ് സമീപിക്കുന്നതെന്നും റെനാഡും വ്യക്തമാക്കുന്നു. പോളണ്ടിനെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഇരുവരുടേയും പ്രതികരണം.
صحفي بريطاني حاول إستفزاز صالح الشهري:
سمعت بعد فوزكم المذهل امام الارجنتين تم تقديم هدية لكل لاعب سيارات روزرايز، هل هذا صحيح واي لون اخترت ؟
صالح الشهري: غير صحيح
الصحفي: مؤسف اليس كذلك؟
صالح الشهري: نحن هنا لخدمة الدولة، ونقدم افضل ما لدينا وهذا أفضل إنجاز لنا pic.twitter.com/js0Dyb7Aow
— Ahmed (@xlal_) November 25, 2022
‘ഞങ്ങള്‍ക്ക് വളരെ ശക്തമായ ഒരു ഫെഡറേഷനും കായിക മന്ത്രാലയവുമുണ്ട്. ഇത് പോലെ വല്ലതും ലഭിക്കേണ്ട സമയമല്ലിത്. ഞങ്ങള്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്. ഞങ്ങള്‍ക്ക് ഇനിയും ഒരുപാട് പ്രതീക്ഷകളുണ്ട്’-റെനാര്‍ഡ് പറഞ്ഞു.
പാകിസ്ഥാനി ദന്തഡോക്ടര്‍ അവാബ് ആല്‍വിയുടെ ട്വിറ്റര്‍ പോസ്റ്റില്‍ നിന്നാണ് റോള്‍സ് റോയ്സ് സംബന്ധിച്ച കിംവദന്തികള്‍ പരക്കാന്‍ ആരംഭിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വെരിഫൈഡ് പ്രൊഫൈലില്‍ പങ്കുവെച്ച ഈ വിവരം മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പല മാധ്യമങ്ങളും വാര്‍ത്തയാക്കുകയായിരുന്നു.
റോള്‍സ് റോയ്സ് വാര്‍ത്ത ഇന്ത്യയിലെ പല പ്രമുഖരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 1994 ലെ ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരെ അത്ഭുത ഗോള്‍ നേടിയ സയ്യിദ് അല്‍ ഒവൈരാന് സൗദി രാജാവ് റോള്‍സ് റോയ്സ് കാര്‍ സമ്മാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു വ്യാജവാര്‍ത്ത പ്രചരിച്ചപ്പോള്‍ അത് സത്യമായിരിക്കും എന്നാണ് ഒട്ടുമിക്ക ആളുകളും വിശ്വസിച്ചിരുന്നത്. ഈ വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്തത് മലയാളത്തില്‍ മാത്രമല്ല. പലര്‍ക്കും പിന്നീട് തിരുത്തലുകള്‍ പ്രസിദ്ധീകരിക്കേണ്ടി വന്നു.
സൗദി-അര്‍ജന്റീന മത്സരത്തില്‍ പത്താം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പെനാല്‍റ്റിയിലൂടെ അര്‍ജന്റീനയാണ് മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ സാലിഹ് അല്‍ ഷെഹ്രി, സലാം അല്‍ ദവ്സാരി എന്നിവടെ ഗോളിലൂടെ സൗദി വിജയിക്കുയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ സൗദി പോളണ്ടിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി നിലവില്‍ ഗ്രൂപ്പ് സിയില്‍ മൂന്നാമതാണ് സൗദി.
Discussion about this post