തന്റെ വിവാഹ കാര്യം സര്‍പ്രൈസായി ആരാധകരെ അറിയിച്ച് മലയാളികളുടെ പ്രിയ താരം ലെന. ഗഗന്യാന് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനാണ് താരത്തിന്റെ ഭര്‍ത്താവ്.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നടി തന്നെയാണ് വിവാഹ കാര്യം ആരാധകരെ അറിയിച്ചത്. താരത്തിന്റെ രണ്ടാം വിവാഹമാണിത്.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്യാന് ബഹിരാകാശയാത്രിക സംഘത്തില്‍ തന്റെ ജീവിത പങ്കാളിയും ഉള്ളതില്‍ അഭിമാനമെന്നാണ് ലെന പോസ്റ്റിലൂടെ പങ്കുവെച്ചത്.
2024 ജനുവരി 17ന് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായെന്നും പ്രധാനമന്ത്രി ഗഗന്യാന് വിവരം പ്രഖ്യാപിച്ചതിന് ശേഷം വിവാഹകാര്യം പറയാനായി കാത്തിരിക്കുകയായിരുന്നുവെന്നും ലെന പറഞ്ഞു.
‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യന്‍ എയര്‍ഫോഴ്സ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രിക വിംഗുകള്‍ സമ്മാനിച്ചു.
ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്.
ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാന്‍ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു,’ എന്നാണ് ലെനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്യാന്’ യാത്രികരാകാന്‍ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചത്. ഈ ദൗത്യ സംഘത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്ണന്.
ലെനയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2025ല്‍ ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശത്തെത്തി മൂന്നു ദിവസത്തിനു ശേഷം തിരികെ ഭൂമിയില്‍ എത്തുന്നതാണ് ഗഗന്യാന് ദൗത്യം.
Discussion about this post