ഇന്നലെയാണ് പോലീസ് മേധാവിയായി അനില്‍ കാന്ത് നിയമിതനായത്. ലോക്നാഥ് ബെഹ്റ സ്ഥാനം ഒഴിഞ്ഞതോടെയാണ് പോലീസ് മേധാവിയായി അനില്‍ കാന്ത് ചുമതല ഏറ്റെടുത്തത്. അനില്‍ കാന്ത് ചുമതല ഏറ്റെടുത്തതോടെ സിനിമ നടന് ചെമ്പിള്‍ അശോകന്റെ ഫോണ്‍ നിര്‍ത്താതെ ബെല്ലടിച്ചു കൊണ്ടിരിക്കുകയായിരുന്നു.
പോലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിച്ചെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ രാവിലെ 11 മണി മുതല്‍ അശോകന്റെ ഫോണിലേക്ക് നിരവധി കോളുകളാണ് എത്തിയത്. ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ വരെയാണ് ചെമ്പില്‍ അശോകന് ലഭിച്ചത്.
അപ്രതീക്ഷിതമായി എത്തിയ ആശംസകള്‍ അശോകനെ അമ്പരപ്പിച്ചു കളഞ്ഞു. എന്നാല്‍ കുറച്ച് കഴിഞ്ഞതോടെയാണ് സംഭവം വ്യക്തമായത്. പുതുതായി സ്ഥാനമേറ്റ പോലീസ് മേധാവിയുടെ മുഖ സാദൃശ്യമുള്ള വ്യക്തിയാണ് താന്‍ അതിനാല്‍ പലരും തെറ്റുദ്ധരിച്ച് വിളിച്ചതാണെന്ന് മനസ്സിലായത്.
എന്തായാലും അപ്രതീക്ഷിതമായി ലഭിച്ച ആശംസകളുടെ ത്രില്ലിലാണ് ചെമ്പില്‍ അശോകന്. തന്റെ മുഖഛായയുള്ള പുതിയ പോലീസ് മേധാവിയെ കാണാനായി കാത്തിരിക്കുകയാണ് അദ്ദേഹം. ‘പുതിയ പോലീസ് മേധാവിയെ കാണണമെന്നുണ്ട്, പക്ഷേ സാധ്യമാകുമോ എന്ന് അറിയില്ല. ചില സിനിമകളില്‍ ഞാന്‍ പൊലീസുകാരനായി അഭിനയിച്ചിട്ടുണ്ട്, ഐപിഎസ് ഓഫിസറുടെ റോളു ചെയ്യാനായി കാത്തിരിക്കുകയാണ്’- അശോകന് കൂട്ടിച്ചേര്‍ത്തു.
2016 ല്‍ ബെഹറ അധികാരമേറ്റതിനു പിന്നാലെ തന്നെ നടന് പാഷാണം ഷാജിയുമായുള്ള മുഖസാദൃശ്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനുപിന്നാലെ ഇരുവരും ഒരു ഇന്റര്‍വ്യൂവിനായി ഒന്നിച്ചിരുന്നു. അതുപോലെ തനിക്കും സംഭവിക്കുമോ എന്ന് അറിയില്ലെന്നും എന്നാല്‍ അങ്ങനെയുണ്ടായാല്‍ ഉറപ്പായും ആസ്വദിക്കും എന്നുമാണ് അശോകന് പറഞ്ഞത്. 60 വയസുകാരനായ അശോകന് 2009ലാണ് സിനിമയിലേക്ക് വരുന്നത്. ഇതിനോടകം 50ഓളം സിനിമകളിലും അഭിനയിച്ചു.
Discussion about this post