പൂക്കോട് വെറ്ററിനറി കോളേജിലെ13 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. വ്യാപനത്തോത് കൂടിയ നോറോവൈറസ് ബാധ കൂടി കൊവിഡ് മഹാമാരിക്കാലത്ത് കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍ എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും മുന്‍ കരുതല്‍ നടപടി എടുത്തെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
സൂപ്പര്‍ ക്ലോറിനേഷന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. കുടിവെള്ള സ്രോതസ്സുകള്‍ ശുചിയാണെന്ന് ഉറപ്പ് വരുത്താനും നിര്‍ദേശം നല്കി.
അതേസമയം നോറോവൈറസ് എന്താണെന്നും അതിന്റെ രോഗലക്ഷണങ്ങള്‍ എന്താണെന്നും പ്രതിരോധ മാര്‍ഗങ്ങള്‍ എന്താണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഡോക്ടര്‍ അമൃത വര്‍ഷിണി. ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ ലേഖനത്തിലാണ് ഡോക്ടര്‍ ഇക്കാര്യം പറയുന്നത്.
നോറോ വൈറസ്
Caliciviridae കുടുംബത്തില്‍ പെട്ട RNA വൈറസ് ആണ് നോറോവൈറസ്.1968 ല്‍ നോര്‍വാക്കിലെ (ഒഹിയോ, US) ഒരു സ്കൂളില്‍ നിന്ന് പുറപ്പെട്ട നോര്‍വാക്ക് പകര്‍ച്ചവ്യാധിയോടുള്ള സാമ്യം കൊണ്ടാണ് നോറോവൈറസ്സിന് ഈ പേര് ലഭിച്ചത്.10 ജിനോഗ്രൂപ്പുകളും (G1-GX) 48 ജീനോടൈപ്പുകളും ഈ വൈറസിനുണ്ട്. ഒരുതരം നോറോവൈറസ് അണുബാധക്ക് എതിരെ ലഭിക്കുന്ന പ്രതിരോധം കൊണ്ട് മറ്റു തരങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കും എന്നു പറയാന്‍ സാധിക്കില്ല. ആയതിനാല്‍ ഡെങ്കി വൈറസിലേത് പോലെ ഒരേ വ്യക്തിക്ക് പലതവണ നോറോവൈറസ് ബാധ ഉണ്ടായേക്കാം. പകര്‍ച്ചാ നിരക്ക് കൂടുതലായതിനാല്‍ വളരെ കുറച്ച് വൈറസുകള്‍ ശരീരത്തില്‍ എത്തിയാല്‍ പോലും രോഗം ഉണ്ടാക്കാന്‍ സാധിക്കും. പ്രായഭേദമന്യേ ഏവരെയും ഈ വൈറസ് ഒരുപോലെ ബാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്.നോറോവൈറസ് അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് ആക്യൂട്ട് ഗ്യാസ്ട്രോഎന്‍ട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കുന്നു. രോഗബാധയുണ്ടായി 12-48 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.
ലക്ഷണങ്ങള്‍:
വയറുവേദന,മനംപുരട്ടല്‍,വയറിളക്കം,ഛര്‍ദ്ദി,പനി,തലവേദന,ശരീരവേദന.സാധാരണ അസുഖം വന്ന് 1-3 ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കുന്നതാണ്.
അപകട സാധ്യത: ഒരു ദിവസം പലതവണ ഛര്‍ദിയും വയറിളക്കവും ഉണ്ടാകുന്നതിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കാം. ചെറിയ കുട്ടികള്‍, മുതിര്‍ന്നവര്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരെ ഇത് കൂടുതല്‍ ഗുരുതരമായി ബാധിക്കും. ആശുപത്രിവാസവും വേണ്ടി വന്നേക്കാം.
നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍:മൂത്രത്തിന്റെ അളവ് കുറയുക,ഉണങ്ങിയ ചുണ്ട്, തൊണ്ട, വായ,തലകറക്കം,ക്ഷീണം,ചെറിയകുട്ടികളില്‍ അകാരണമായ കരച്ചില്, മയക്കക്കൂടുതല്‍, വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ.
ചികിത്സ
ഭൂരിഭാഗം വൈറസ്സ് രോഗങ്ങളെയും പോലെ നോറോവൈറസ്സിനെതിരെയും സ്പെസിഫിക് ആന്റിവൈറല്‍ മരുന്നോ വാക്സിനോ നിലവിലില്ല. നിര്‍ജലീകരണം തടയുക എന്നതാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം.,ORS ലായനി ഉപയോഗിക്കുക ,തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ശീതളപാനീയങ്ങളും മദ്യവും ഒഴിവാക്കുക,6 മാസത്തില്‍ താഴെയുള്ള കുട്ടികളെ നിര്‍ബന്ധമായും മുലയൂട്ടുക.,ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സഹായം തേടുക. ചിലപ്പോള്‍ ആശുപത്രി വാസം വേണ്ടി വന്നേക്കാം.
പ്രതിരോധമാര്‍ഗങ്ങള്‍
കൈകള്‍ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, പ്രതേകിച്ച് a) ശൗചാലയം ഉപയോഗിച്ചതിന് ശേഷം,b) ഭക്ഷണം ഉണ്ടാക്കുന്നതിനും കഴിക്കുന്നതിനും മുന്‍പ്,c) മരുന്ന് കഴിക്കുന്നതിനോ എടുത്ത് കൊടുക്കുന്നതിനോ മുന്‍പ്
പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കുക.
മറ്റു വൈറസ്സുകളെ അപേക്ഷിച്ചു കൂടിയ താപനിലയിലും (145°F) നോറോവൈറസ്സിന് നിലനില്ക്കാന് സാധിക്കും. അതിനാല്‍ ഭക്ഷണം (കക്കയിറച്ചി പോലുള്ളവ) നന്നായി പാകംചെയ്ത് മാത്രം കഴിക്കുക.രോഗബാധിതരായിരിക്കുമ്പോള്‍ ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കുക.
കുടിവെള്ള ശ്രോതസ്സുകള്‍ ക്ളോറിനേറ്റ് ചെയ്യുക.ഛര്‍ദ്ദിയോ മലമോ വീണ തുണികളും പ്രതലവും ബ്ലീച് ലായനിയും ചൂടുവെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെ തടയാന്‍ സാധിക്കുന്ന ഒരു അസുഖമാണ് ഇത്.
Discussion about this post