തിരുവനന്തപുരം: ചൂട് ഉയര്‍ന്നതോടെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ താപനില 2 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നേക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
മാര്‍ച്ച് 13 മുതല്‍ 17 വരെയുള്ള അഞ്ച് ദിവസം പാലക്കാട്, കൊല്ലം ജില്ലകളില്‍ ആണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക. 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.
പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36ഡിഗ്രി വരെ ചൂട് അനുഭവപ്പെടും.
പകല്‍ 12 മുതല്‍ മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണം എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Discussion about this post