ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ അണിയിച്ചൊരുക്കുന്ന ഷോയ്ക്ക് നിരവധി ആരാധകരാണുള്ളത്.
അതില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ഹിന്ദി ബിഗ് ബോസിനാണ്. ഹിന്ദി ബിഗ്ബോസ് ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ബിഗ് ബോസ് ഹിന്ദി സീസണ് 13ന്റെ ടൈറ്റില്‍ വിജയിയായിരുന്ന സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. നാല്പതു വയസ്സായിരുന്നു.
ഇന്നലെ രാത്രി മരുന്നുകള്‍ കഴിച്ച് ഉറങ്ങാന്‍ കിടന്നതാണ് സിദ്ധാര്‍ഥ്. പിന്നീട് ഉണരാതായപ്പോള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം താരത്തിന്റെ മരണ വിവരം കേട്ട് ഞെട്ടലിലാണ് ആരാധകര്‍.
മോഡലിങ് രംഗത്ത് കൂടി കരിയര്‍ ആരംഭിച്ച താരം ‘ബാബുള്‍ കാ ആംഗന്‍ ഛൂടേ നാ’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സീരിയലുകളില്‍ അഭിനയിച്ചു.
‘ബാലികാ വധു’ എന്ന സീരിയലിലൂടെയാണ് താരം പ്രശസ്തനാകുന്നത്. സീരിയല്‍ വിവിധ ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത് സംപ്രേക്ഷണം ചെയ്തിരുന്നു. മലയാളം ഉള്‍പ്പെടെ ഭാഷകളില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതോടെ ഇന്ത്യ മുഴുവന്‍ താരം പ്രശസ്തനായി.
ഝലക് ഡിഖ്‍ലാ ജാ 6, ഫിയര്‍ ഫാക്റ്റര്‍: ഖാത്രോണ്‍ കെ ഖിലാഡി 7 എന്നീ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. കരണ്‍ ജോഹറിന്റെ നിര്‍മ്മാണത്തില്‍ 2014ല്‍ പുറത്തെത്തിയ ‘ഹംപി ശര്‍മ്മ കി ദുല്‍ഹനിയ’ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.
Discussion about this post