തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമില്‍ വെള്ളം ഉയര്‍ന്നതോടെ ഡാം ഉടനെ പൊട്ടുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമാണ്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടി ലക്ഷങ്ങള്‍ മരിക്കുമെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നത്.
ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് അറിയിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടി ലക്ഷങ്ങള്‍ മരിക്കുമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഭീതി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്.
നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അത്തരം ആപത്തൊന്നും മുല്ലപ്പെരിയാറില്‍ നിലവിലില്ല. ആശങ്കയ്ക്കും അടിസ്ഥാനമില്ല മുല്ലപ്പെരിയാറില്‍ പ്രത്യേകിച്ച് എന്തെങ്കിലും സംഭവിച്ചിട്ടില്ല. ചിലര്‍ സൃഷ്ടിച്ച ഭീതിയാണ്. ഭീതി പരത്താന്‍ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നു. ഇതു നാടിനു ഗുണം ചെയ്യില്ല. ഇത്തരക്കാരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന നിലപാടില്‍ കേരളം ഉറച്ചു നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തമിഴ്നാടുമായി സഹകരിച്ച് ചര്‍ച്ചയിലൂടെ ഇതിന് പരിഹാരം കണ്ടെത്തുമെന്നും മുഖ്യമന്ത്രി കുറിച്ചു. മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ ചെയ്യണമെന്നും 40 ലക്ഷം പേരെ മരണത്തില്‍ നിന്നും രക്ഷിക്കണമെന്നും നടന് പൃഥിരാജ് ഉള്‍പ്പെടെയുള്ള സിനിമ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ നിരവധി സിനിമ താരങ്ങളായിരുന്നു ഇക്കാര്യം പറഞ്ഞ് രംഗത്ത് വന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം നിരവധി പേര് പങ്കുവയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.
Discussion about this post