തന്റെ വിവാഹത്തില്‍ മനോഹര വസ്ത്രങ്ങള്‍ അണിയണമെന്നാകും പല പെണ്‍കുട്ടികളുടെയും ആഗ്രഹം. എന്നാല്‍ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് ഈ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സാധിക്കാറില്ല.
പാവപ്പെട്ടവരായ കുട്ടികളുടെ ഈ വിവാഹ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുകയാണ് ജീവകാരുണ്യപ്രവര്‍ത്തകന്‍ നാസര്‍ തൂത. വധുവിന് പുതിയ വിവാഹ വസ്ത്രം വാങ്ങാന്‍ കയ്യില്‍ പണമില്ലെങ്കിലും ഇനി വിഷമിക്കേണ്ടതില്ല.
പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി വിവാഹ വസ്ത്രങ്ങളുടെ ഒരു ഡ്രസ് ബാങ്ക് തന്നെ നാസര്‍ തൂത ഒരുക്കിയിട്ടുണ്ട്. മലപ്പുറത്താണ് നാസറിന്റെ ഈ ഡ്രസ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ആര്‍ക്കും ഇവിടെയെത്തി വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത് കൊണ്ടുപോകാം. പണം വേണ്ട, പകരം ഒരു പുഞ്ചിരി മാത്രം മതി.
പുതുമോടിയിലുള്ള വിവാഹ വസ്ത്രങ്ങള്‍ വാങ്ങാന്‍ കയ്യില്‍ പണമില്ലെങ്കിലും വിവാഹ ആഘോഷത്തിന്റെ പകിട്ട് ഒട്ടും കുറയരുത് എന്നാണ് നാസര്‍ തൂത പറയുന്നത്.
മലപ്പുറം ജില്ലയിലാണ് നാസറിന്റെ ഈ ഡ്രസ് ബാങ്ക് എങ്കിലും ജില്ലയ്ക്ക് പുറമേ തിരുവനന്തപുരം, കണ്ണൂര്‍, ബെംഗളൂരു തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ നാസര്‍ തൂത ഡ്രസ് ബാങ്കില്‍ നിന്ന് സമ്മാനിച്ച വസ്ത്രങ്ങള്‍ അണിഞ്ഞ് മണവാട്ടിയായിട്ടുണ്ട്.
വിവിധ മതവിഭാഗക്കാരായ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ വ്യത്യസ്ത തരത്തിലുള്ള വിവാഹ വസ്ത്രങ്ങള്‍ ഡ്രസ് ബാങ്കിലുണ്ട്. ഇതുവരെ 140 പെണ്‍കുട്ടികള്‍ക്കാണ് നാസര്‍ വിവാഹ വസ്ത്രങ്ങള്‍ നല്‍കിയിട്ടുള്ളത്. 5000 മുതല്‍ കാല് ലക്ഷം രൂപ വരെ വില വരുന്നതാണ് ഈ വിവാഹ വസ്ത്രങ്ങള്‍.750 ലേറെ പേര്‍ക്ക് നല്‍കാനുള്ള വസ്ത്രങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്.
ഡ്രസ് ബാങ്ക് ആണെന്ന് കരുതി മോശം വസ്ത്രങ്ങള്‍ അല്ല ഇവിടെയുള്ളത്. സുഹൃത്തുക്കള്‍ നല്കിയ പുതിയ വസ്ത്രങ്ങളും ഒരു തവണ മാത്രം ഉപയോഗിച്ച വിവാഹ വസ്ത്രങ്ങളുമാണ് ഡ്രസ് ബാങ്കിലുള്ളത്. ഉപയോഗിച്ച വസ്ത്രങ്ങള്‍ ഡ്രൈക്ലീന്‍ ചെയ്താണ് ഡ്രസ് ബാങ്കില്‍ ഉള്‍പ്പെടുത്തുക.
വാര്‍ഡ് അംഗങ്ങളോ സാന്ത്വനം പ്രവര്‍ത്തകരോ പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകരോ മുഖേന ഡ്രസ് ബാങ്ക് കമ്മിറ്റിയെ സമീപിക്കുകയാണ് ആവശ്യക്കാര്‍ ചെയ്യേണ്ടത്.
Discussion about this post