കഴിഞ്ഞ ദിവസമായിരുന്നു വാവ സുരേഷിനെ പാമ്പ് കടിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായതോടെ വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി.
വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും. ഇതിനിടയില്‍ വാവ സുരേഷിന്റെ പാമ്പ് പിടുത്തതിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വാവ സുരേഷിന്റെത് സ്വന്തം ജീവന് അപായപ്പെടുത്തുന്നതും മറ്റുള്ളവരുടെ ജീവന് ആപത്തുള്ളതുമായ നടപടിയാണെന്നായിരുന്നു വിമര്‍ശനം. ഈ പശ്ചാത്തലത്തില്‍ വാവ സുരേഷിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീജിത്ത് പണിക്കരുടെ പിന്തുണ. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- ഒരു രാത്രിയില്‍ ഞാന്‍ വിളിച്ചപ്പോള്‍ 100 കിലോമീറ്ററിലധികം ദൂരം ഓട്ടോയില്‍ സഞ്ചരിച്ചു വന്നവനാണ്. ‘അതിഥിയെ’ തൂക്കിയെടുത്തു പോകുമ്പോഴും ഓട്ടോക്കൂലി പോലും വാങ്ങാതെ മുങ്ങാന്‍ ശ്രമിച്ചവനാണ്. വണ്ടിക്കൂലിയെങ്കിലും കൊടുക്കാതിരിക്കുന്നത് പാപം ആണെന്ന് തോന്നിയതുകൊണ്ട് സ്റ്റാര്‍ട്ട് ചെയ്ത ഓട്ടോയ്ക്ക് ചേട്ടന് വട്ടം ചാടി നിന്ന് അതില്‍നിന്ന് പിടിച്ചിറക്കി തിരികെ വീട്ടില്‍ കയറ്റി വാതില്ക്കല് തടഞ്ഞുനിന്ന് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് എത്രയോ പേര്‍ക്ക് വേണ്ടി സമീപിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മാര്‍ഗ്ഗങ്ങളെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. പക്ഷെ നിലവിലെ മാര്‍ഗ്ഗങ്ങളില്‍ 100% സക്സസ് റേറ്റ് ഉള്ളയാളാണ്. തന്റെ സാഹസിക രീതികള്‍ മറ്റാരും അനുകരിക്കരുതെന്ന് പറയുന്നവനാണ്. ഏതൊരു സാഹസികനും അതേ പറയാന്‍ കഴിയൂ.
പരോപകാരിയാണ്. ലാഭേച്ഛ ഇല്ലാത്തവനാണ്. സ്നേഹം ഉള്ളവനാണ്. നല്ല മനുഷ്യനാണ്. ‘ആരാണ് വാവ സുരേഷ്’ എന്നൊരാള്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും ‘തീരെ വിഷമില്ലാത്ത ഒരു സഹജീവി’ ആണെന്ന്. അത്രയും മതി ഒരു മനുഷ്യനെ നെഞ്ചോടു ചേര്‍ക്കാന്‍. വേഗം സുഖപ്പെടാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
Discussion about this post