‘മമതാ ബാനര്‍ജിയുടെയും സോഷ്യലിസത്തിന്റെയും കല്യാണമാണ് ഈ ഞായറാഴ്ച. സേലത്ത് വച്ചു നടക്കുന്ന വിവാഹത്തിന് ആശംസ അറിയിച്ചിരിക്കുകയാണ് കമ്യൂണിസവും ലെനിനിസവും മാര്‍ക്സിസവും’.ഇത് എന്താ സംഭവം എന്നായിരിക്കും പലരും ഇപ്പോള്‍ ചിന്തിക്കുന്നത്. സേലത്ത് ഞായറായ്ഴച നടക്കാന്‍ പോകുന്ന കല്യാണത്തിലെ വധുവും വരനുമാണ് മമതാ ബാനര്‍ജിയും സോഷ്യലിസവും. ഇവരുടെ ബന്ധുക്കളുടെ പേരാണ് കമ്മ്യൂണിസവും ലെനിനിസം മാര്‍ക്സിസം.
സിപിഐയുടെ സേലം ജില്ലാ സെക്രട്ടറി എ മോഹനന്റെ മകനാണ് സോഷ്യലിസം. കമ്യൂണിസവും ലെനിനിസവും സോഷ്യലിസത്തിന്റെ സഹോദരങ്ങള്‍. ഈ ഞായറാഴ്ച സേലത്തു വച്ചാണ് ഇളയ സഹോദരന് സോഷ്യലിസത്തിന്റെ വിവാഹം. അടുത്ത ബന്ധുവാണ്, വധു മമത ബാനര്‍ജി.
എ.മോഹന്‍. 18ാം വയസ്സു മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ട് . മോഹനന്റെ മുത്തച്ഛനും അച്ഛനുമെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീരപാണ്ടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കമ്യൂണിസം ഇല്ലാതായെന്ന പ്രചാരണം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചതോടെയാണു തനിക്കുണ്ടാകുന്ന കുട്ടിക്ക് കമ്യൂണിസവുമായി ചേര്‍ന്നു നില്ക്കുന്ന പേരിടാന്‍ തീരുമാനിച്ചതെന്നു മോഹന്‍ പറയുന്നു. മൂന്നു ആണ്‍കുട്ടികളാണു മോഹനു ജനിച്ചത്. തീരുമാനം പോലെ തന്നെ മൂവര്‍ക്കും പേരു നല്കി; കമ്യൂണിസം, ലെനിനിസം, സോഷ്യലിസം.
രണ്ടാമത്തെ മകന് ലെനിനിസത്തിനു കുഞ്ഞുണ്ടായപ്പോള്‍ പേരിട്ടത് അച്ഛന്റെ പാത പിന്തുടര്ന്ന്- മാര്‍ക്സിസം എന്നായിരുന്നു. സ്കൂള്‍ പഠന കാലത്ത് മക്കളെ കൂട്ടുകാര്‍ പേരിന്റെ പേരില്‍ കളിയാക്കിയിരുന്നെന്ന് ഓര്‍ത്തെടുക്കുന്ന മോഹനന്. എന്നാല്‍ കോളജില്‍ എത്തിയപ്പോള്‍ അതൊക്കെ മാറി. ആളുകള്‍ക്ക് ഈ പേരുകളോട് പ്രത്യേക ആകര്‍ഷണമൊക്കെ തോന്നിത്തുടങ്ങി എന്ന് മോഹനനന്‍ പറയുന്നു.മോഹനന്റെ മൂത്ത മകന് കമ്മ്യൂണിസം അഭിഭാഷകനാണ്. ലെനിനസവും സോഷ്യലിസവും ചേര്‍ന്ന് വെള്ളി ആഭരണശാല നടത്തുന്നു. മൂന്നു പേരും സിപിഐ പ്രവര്‍ത്തകരാണ്.
അതേസമയം കോണ്‍ഗ്രസ് അനുഭാവികളുടെ കുടുംബത്തില്‍ നിന്നാണു വധു മമതയുടെ വരവ്. മമത ബാനര്‍ജി ബംഗാളില്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായിരുന്ന കാലത്താണ് കുടുംബത്തില്‍ കുഞ്ഞുപിറക്കുന്നത്. മമത ബാനര്‍ജി പശ്ചിമ ബംഗാളിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങളില്‍ ആരാധന തോന്നിയാണ് അത്തരമൊരു പേര് മകള്‍ക്കു നല്‍കിയതെന്നു വധുവിന്റെ കുടുംബവും പറയുന്നു. അങ്ങനെയാണ് ഈ മമത ബാനര്‍ജിയുടെ ‘പിറവി’.
അതേസമയം വളരെ ലളിതമായിട്ടാണ് വിവാഹ ചടങ്ങ് നടക്കുന്നത്. ക്ഷണക്കത്ത് ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാഹം ഇത്ര വൈറലായത്.
Discussion about this post