ദിവസങ്ങളോളം നീണ്ടുനിന്ന ഉറക്കം ചില ഫാന്റസി സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഒന്നാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് മനുഷ്യര്‍ക്ക് സംഭവിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക. അങ്ങനെ ഒന്ന് സംഭവിക്കില്ല എന്നായിരിക്കും പലരും ഇപ്പോള്‍ ചിന്തിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്.
ആറുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. 2012 മുതല്‍ 2015വരെ കസാകിസ്ഥാനിലെ ചെറിയ ഒരു ഗ്രാമമായ കലാച്ചി നിവാസികള്‍ക്കാണ് അത് സംഭവിച്ചത്. ഈ ഗ്രാമത്തിലെ 160ഓളം പേര് ഉറക്കമെഴുന്നേറ്റിരുന്നത് പലപ്പോഴും ആറുദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. ഒരു മണിക്കൂര്‍ കൂടുതല്‍ ഉറങ്ങിയാല്‍ പോലും പലവിധ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണ് നമ്മള് പലരും. അപ്പോഴാണ് ഈ ഗ്രാമത്തിലുള്ളവര്‍ ആറ് ദിവസം വരെ കിടന്ന് ഉറങ്ങിയിരുന്നത്.
ഉറക്കം മാത്രമായിരുന്നില്ല ഇവര്‍ നേരിട്ടിരുന്നത്. ഇവരുടെ ജീവിതം ശരിക്കും ഒരു ഫാന്റസി സിനിമ പോലെ തന്നെയായിരുന്നു. പലതരത്തിലുള്ള ഹാലൂസിനേഷനും വര്‍ധിത ലൈംഗികാസക്തിയുമെല്ലാം ഇവര്‍ക്കുണ്ടായിരുന്നു. ദിവസങ്ങളോളം നീണ്ട ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍ തന്നെ ചില പുരുഷന്മാര്ക്ക് വര്‍ധിത ലൈംഗികാസക്തിയും നേരിടും. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കുട്ടികള്‍ക്കും പലവിധ അനുഭവങ്ങള്‍ നേരിട്ടിരുന്നു. ചിറകുള്ള കുതിരകളെയും കിടക്കയില്‍ പാമ്പുകളെയും കണ്ടിരുന്നതായി കുട്ടികള്‍ പറയുന്നു. പ്രേതബാധയാണെന്ന് കരുതി നാട്ടുകാര്‍ നാട് വിട്ട് പോകുന്ന സാഹചര്യം വരെ നിലനിന്നിരുന്നു.
2014ല്‍ കോംസോമോല്‍സ്കായ പ്രവ്ദ പത്രമാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.പലപ്പോഴും രോഗികളായവര്‍ ദിവസങ്ങളോളം കിടന്നുറങ്ങിയ ശേഷം ഉണരുകയാണെങ്കില്‍ അവര്‍ക്ക് ഓര്‍മപോലും ഉണ്ടാകാറില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ‘രോഗിയായ ഒരു വ്യക്തിക്ക് ബോധമുണ്ടാകും, നടക്കാനും കഴിയും. എന്നാല്‍ പെട്ടന്നുതന്നെ അവര്‍ അഗാധ നിദ്രയിലേക്ക് പോകുകയും കൂര്‍ക്കം വലിച്ചുറങ്ങുകയും ചെയ്യും. ഉറക്കമുണരുേമ്പാള് അവര്‍ക്ക് ഒന്നും ഓര്‍മ്മ കാണില്ല’ -പത്രവാര്‍ത്തയില്‍ പറയുന്നു.
ജനങ്ങള്‍ നേരിട്ട ഈ വിചിത്ര അനുഭവത്തെ പിന്നീട് ‘സ്ലീപ്പി ഹോളോ’ എന്നു വിളിക്കാന്‍ തുടങ്ങി. ജനങ്ങളുടെ ഈ വിചിത്ര അനുഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ നടന്നിരുന്നു. കലാച്ചി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് സോവിയറ്റ് കാലഘട്ടം മുതലുള്ള ഒരു യുറേനിയം ഖനിക്കടുത്താണ്. ഇവിടെ നിന്ന് വരുന്ന വിഷമയമായ വെള്ളമോ മറ്റു രാസവസ്തുക്കളോ ആകാം ഗ്രാമവാസികളുടെ ഈ അവസ്ഥക്ക് കാരണമെന്നാണ് പല വിദഗ്ധരും പറയുന്നത്.
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് കൂടിയതിനാലാകാം ജനങ്ങള്‍ക്ക് ഇങ്ങനെ തോന്നാന്‍ കാരണമെന്നാണ് 2015ല്‍ കസാകിസ്ഥാന്‍ സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണ അന്തരീക്ഷത്തില്‍ കാണുന്നതിനേക്കാള്‍ പത്തുമടങ്ങ് അധികമായിരുന്നു അവിടത്തെ കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ്.ഉപയോഗശൂന്യമായ ഖനിയില്‍നിന്ന് വമിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡ് ഗ്രാമത്തില്‍ വ്യാപിക്കുകയായിരുന്നുവെന്ന് റഷ്യന്‍ ശാസ്ത്രജ്ഞനായ ലിയോനിഡ് റിഖ് വാനോവ് പറയുന്നു.
ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നൂറുകണക്കിന് ആളുകളെ അവിടെനിന്ന് മാറ്റിപാര്‍പ്പിച്ചിരുന്നു. നിലവില്‍ 120 കുടുംബങ്ങളാണ് കലാച്ചിയിലെ താമസക്കാര്‍. എന്നാല്‍ പുതിയ താമസക്കാര്‍ക്ക് ഇതുവരെ മുമ്പുണ്ടായിരുന്നവരെപ്പോലെ വിചിത്ര അനുഭവങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും അവര്‍ പറയുന്നു.
Discussion about this post