ആന്ധ്രപ്രദേശ്: തിരുമലയില്‍ മരണപ്പെട്ട യാചകന്റെ വീട് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി. ഇയാളുടെ വീട്ടില്‍ നിന്നും 10 ലക്ഷം രൂപ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം മരിച്ച ശ്രീനിവാസാചാരി എന്നയാളുടെ വീട്ടില്‍ നിന്നാണ് ഇത്രയും വലിയ തുക കണ്ടെത്തിയത്.
തിരുമലയില്‍ ഭിക്ഷയെടുത്തും മറ്റുമായിരുന്നു ശ്രീനിവാസാചാരി ജീവിച്ചിരുന്നത്. ഇദ്ദേഹത്തിന് ബന്ധുക്കളോ മറ്റോ ഉണ്ടായിരുന്നില്ല. 2007 മുതല്‍ തിരുമലയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് ശേഷാചലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനം വീട് അനുവദിച്ചിരുന്നു. ഇതിനിടെ അസുഖ ബാധിതനായി ഇയാള്‍ കഴിഞ്ഞ വര്‍ഷം മരിച്ചു.
അദ്ദേഹം മരിച്ച് ഒരു വര്‍ഷത്തിന് ശേഷം ദേവസ്ഥാനം അനുവദിച്ച വീട് തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പണം കണ്ടെത്തിയത്. രണ്ട് തടിപെട്ടികള്ക്കുള്ളിലായിട്ടാണ് ഇത്രയും പണം രഹസ്യമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ആകെ പത്ത് ലക്ഷം രൂപയാണ് ഇവിടെ നിന്നും അധികൃതര്‍ കണ്ടെത്തിയത്. കണ്ടെത്തിയ രൂപയില്‍ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഉള്‍പ്പടെയുള്ള നോട്ടുകള്‍ ഉണ്ടായിരുന്നു. രണ്ട് പെട്ടിയിലായിട്ടായിരുന്നു തുക സൂക്ഷിച്ചിരുന്നത്. തുക എണ്ണിതിട്ടപ്പെടുത്തിയ ശേഷം മൊത്തം പണവും തിരുമല തിരുപ്പതി ദേവസ്ഥാനം ട്രഷറിയിലേക്ക് കൈമാറിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലുള്ള തിരുപ്പതി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം. ക്ഷേത്ര നഗരമെന്നാണ് തിരുമല അറിയപ്പെടുന്നത്. ദിനംപ്രതി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ വരാറുള്ളത്.
Discussion about this post