കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയിലൂടെ മലയാള സിനിമാരംഗത്തെത്തിയ നടിയാണ് ഗൗതമി നായര്‍. 2012ല്‍ സെക്കന്റ് ഷോയിലൂടെ എത്തിയ ഗൗതമി രണ്ട് വര്‍ഷത്തിനിടെ നാല് ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തത്. ഡയമണ്ട് നെക്ലസ്, ചാപ്റ്റേഴ്സ്, കൂതറ എന്നിവയാണ് ഗൗതമിയുടെ മറ്റ് ചിത്രങ്ങള്‍.
വളരെ കുറച്ച് ചിത്രങ്ങളാണ് താരം ചെയ്തിട്ടുള്ളൂവെങ്കിലും ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാന്‍ ഗൗതമിക്ക് കഴിഞ്ഞു. അഭിനയ രംഗത്തേക്ക് എത്തുന്ന ആദ്യ കാലത്ത് സിനിമ മേഖലയില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചും സെക്കന്റെ ഷോയില്‍ അഭിനയിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും തുറന്ന് പറയുകയാണ് ഗൗതമി നായര്‍ ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു ഗൗതമിയുടെ തുറന്ന് പറച്ചില്.
‘ 2011ല്‍ ഒരു പുതിയ സംവിധായകന്റെ ചിത്രത്തില്‍ വെറുതെ ഓഡിഷന് പോയി. ആ സമയത്തെ മികച്ച നടന്മാര് ഒക്കെ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഓഡിഷനില്‍ അവര്‍ എന്റെ ഫോട്ടോസ് ഒക്കെ എടുത്തു. അവിടെ ചെന്ന് കഴിഞ്ഞ് രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞപ്പോഴെക്കും ആ പടത്തില്‍ വര്‍ക്ക് ചെയ്ത ഒരു ചേട്ടന് എന്നോട് പറഞ്ഞു ചിത്രത്തിലേക്ക് എന്നെ എടുക്കുന്നില്ല എന്ന്.
ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും എന്നെ കാണാന്‍ അത്ര ഭംഗിയില്ലാത്തതുകൊണ്ടാണ് എടുക്കാത്തത് എന്നാണ് കേട്ടതെന്ന് ആ ചേട്ടന് പറഞ്ഞു. അതെനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ആ ഒരു സമയത്താണ് സെക്കന്റ് ഷോയിലേക്കുള്ള ഓഡിഷന്.
ഒരു കസിന് എന്റെ ഫോട്ടോസ് ഓഡിഷന് അയച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെടുകയും എന്നെ ഓഡിഷന് വിളിക്കുകയും ചെയ്തു. എനിക്ക് വാശിയായിരുന്നു. ഈ പടം എങ്ങനെയെങ്കിലും ചെയ്ത്, മുമ്പ് എന്നെ വേണ്ട എന്ന് വെച്ചവരെ കാണിച്ചുകൊടുക്കണം എന്ന തീരുമാനത്തിലായിരുന്നു. അങ്ങനെയാണ് സെക്കന്റ് ഷോയില്‍ എത്തിയത്,’ എന്നാണ് ഗൗതമി നായര്‍ പറഞ്ഞത്.
Discussion about this post