മലയാളികളുടെ പ്രിയതാരമാണ് സുരേഷ് ഗോപി. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. ജോഷി -സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഇറങ്ങുന്ന പാപ്പന് ചിത്രീകരണം അവസാനിച്ച സന്തോഷത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
അതിനിടയില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. ന്യൂസ്പേപ്പര്‍ കട്ടിങ്ങുകളുടെ ഒരു പോസ്റ്റ്റിനൊപ്പമായിരുന്നു തന്റെ 253ാം ചിത്രം പ്രഖ്യാപിച്ചത്. പുതിയ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പത്രം സിനിമയുടെ രണ്ടാം ഭാഗമാണ് ഒരുങ്ങുന്നത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം എത്തിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.ഇപ്പോഴിത പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിക്കൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടിക്കൊണ്ടാണ് താരത്തിന്റെ വിഡിയോ.
അഭിനയമാണ് നിങ്ങളുടെ ആവേശമെങ്കില്‍, സിനിമയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇതൊരു അവസരമാണ് എന്നാണ് താരം പറയുന്നത്. 5നും 80നും ഇടയില്‍ പ്രായമുള്ളവരെയാണ് ക്ഷണിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സുരേഷ് ഗോപി ആരാധകരോട് ഈ കാര്യം പറഞ്ഞത്. സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെഃ ‘അവസരങ്ങളുടെ വാതിലുകള്‍ തുറന്നിട്ടാണ് ഞാന്‍ ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത്. ഞാനും സംവിധായകന് ജിനു ജേക്കബ്ബും ഒന്നിക്കുന്ന സിനിമയില്‍ നിങ്ങള്‍ക്കും അവസരം.
അഭിനയമാണ് നിങ്ങളുടെ ആവേശമെങ്കില്‍, സിനിമയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍, ഇതാണ് നിങ്ങള്‍ക്കായുള്ള ആ അവസരം. നിങ്ങളുടെ പ്രായം 5നും 80നും ഇടയില്‍ ആണെങ്കില്‍ ജാതി, മത, വര്‍ഗ, വര്‍ണ, ലിംഗ ഭേദമെന്യെ നിങ്ങള്‍ക്ക് സ്വാഗതം. ഒരു ഫോട്ടോയും ഒരുമിനിറ്റില്‍ കവിയാത്ത വീഡിയോയുമായ് ഉടന്‍ ഞങ്ങളെ ബന്ധപ്പെടുക.
റീല്‍സും ഫോട്ടോഷോപ്പും ഒന്നും വേണ്ട. മേക്കപ്പ് തീരെ വേണ്ട, അത് ഞങ്ങള്‍ ഇട്ടോളം. ഞങ്ങള്‍ തേടുന്ന ആ മുഖം നിങ്ങളാണെങ്കില്‍, നിങ്ങളെ ഞങ്ങള്‍ എടുത്തിരിക്കും. ഇതൊരു കാത്തിരിപ്പിന്റെ ഒടുക്കമാണ്. പുതിയ പ്രതീക്ഷയുടെ തുടക്കം’- സുരേഷ് ഗോപി പറഞ്ഞു.
Discussion about this post