മലയാളികളുടെ പ്രിയ താരം നസ്രിയയുടെ പുതിയ ചിത്രം ‘അണ്ടേ സുന്ദരാനികി’ ടീസര്‍ പുറത്തിറങ്ങി. തെലുങ്ക് താരം നാനി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് അത്രേയ ആണ്.
നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ ‘അണ്ടേ സുന്ദരാനികി’ റൊമാന്റിക് കോമഡി എന്റര്ടെയ്നര് ആണെന്നാണ് ടീസര്‍ നല്കുന്ന സൂചന. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ സിനിമയിലേക്ക് എത്തുന്നത്.
2020 ല്‍ എത്തിയ ട്രാന്‍സാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. രണ്ട് വര്‍ഷത്തിന് ശേഷം എത്തുന്ന ചിത്രത്തിലൂടെ നസ്രിയ സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേര്‍സ് ആണ് നിര്‍മ്മിക്കുന്നത്. ജൂണ്‍ 10ന് ചിത്രം റിലീസ് ചെയ്യും. മലയാളി താരം തന്വി റാം ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. നാദിയ മൊയ്തു, രാഹുല്‍ രാമകൃഷ്ണ, സുഹാസ് എന്നിവരാണ് മറ്റ് താരങ്ങള്‍.
ബാലതാരമായി അഭിനയം ആരംഭിച്ച താരം നേരം സിനിമയിലൂടെയാണ് നായികയായി മാറുന്നത്. പിന്നാലെ മലയാളത്തിലും തമിഴിലുമായി അഭിനയിച്ചു. നടന് ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ല താരം.
എന്നാല്‍ ഇപ്പോള്‍ വീണ്ടും തെലുങ്ക് സിനിമയിലൂടെ അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നസ്രിയ. വളരെ കുറച്ച് സിനിമകളിലാണ് അഭിനയിച്ചത് എങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നസ്രിയ. നസ്റിയയുടെ കുറുമ്പും ക്യൂട്ട്നെസും ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്.
Discussion about this post