ഗവണ്മെന്റ് ആശുപത്രികളിലെ ഡോക്ടര്‍മാരെ കുറിച്ച് സാധാരണക്കാരില്‍ നിന്നും പലപ്പോഴും പരാതികള്‍ ഉയരാറുണ്ട്. ഡോക്ടറെ കാണാനായി ചെല്ലുമ്പോള്‍ ജോലി സമയം കഴിഞ്ഞു നാളെ വന്നാല്‍ നോക്കാമെന്നും അല്ലെങ്കില്‍ എന്റെ ഡ്യൂട്ടി കഴിഞ്ഞു അടുത്ത ഡോക്ടര്‍ നോക്കും എന്ന് പറഞ്ഞ് പോകുന്ന നിരവധി സര്‍ക്കാര്‍ ഡോക്ടര്‍മാരുണ്ട്.
എന്നാല്‍ ഇത്തരക്കാരില്‍ നിന്നും വ്യത്യസ്തനായ ഒരു ഡോക്ടറുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ താന്‍ ശുശ്രൂഷിച്ച രോഗിയെക്കണ്ട് വാഹനം നിര്‍ത്തി വഴിയരികില്‍ നിന്ന് എക്സ്റേയും റിപ്പോര്‍ട്ടും പരിശോധിക്കുന്ന ഡോക്ടറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
പാലക്കാട് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തൃശൂര്‍ സ്വദേശി ഡോ.പി.അരുണാണ് ഈ വൈറല്‍ വീഡിയോയിലെ താരം. പാലക്കാട് മെഡിക്കല്‍ കോളജിന് മുന്നിലെ ഓട്ടോറിക്ഷ തൊഴിലാളിയായ ഗിരീഷ്കുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.
ഡോക്ടര്‍ അറിയാതെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഗിരീഷ്കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. ഡോക്ടറുടെ നന്മയ്ക്ക് കൈയ്യടിക്കുകയാണ് ഈ ദൃശ്യങ്ങള്‍ കണ്ട സോഷ്യല്‍ മീഡിയ. നേരിട്ടറിയാവുന്ന രോഗിയായതിനാല്‍ തന്റെ കടമ ചെയ്തുവെന്നതിനപ്പുറം തന്റെ പ്രവൃത്തിയില്‍ മറ്റ് പ്രത്യേകതകളില്ലെന്നാണ് വീഡിയോ വൈറലായതോടെ ഡോക്ടര്‍ പ്രതികരിക്കുന്നത്.
തന്റെ ഡ്യൂട്ടി മാത്രമാണ് ചെയ്തത്, ഇത് ഇനിയും വൈറലാക്കരുതെന്നും ഡോക്ടര്‍ പ്രതികരിച്ചു. യാതൊരു ലാഭേച്ഛയുമില്ലാത്ത ഡോക്ടറിന്റെ ഈ നന്മയ്ക്ക് കൈയ്യടിക്കുകയാണ് മലയാളക്കര ഒന്നാകേ.
Discussion about this post