തമിഴ്, തെലുങ്ക് സിനിമകളില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ സിനിമ പ്രേക്ഷകരെ തൃപ്തരാക്കുന്നതില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ആ തീപ്പൊരി ആക്ഷന്‍ രംഗങ്ങള്‍ കണ്ട് കയ്യടിച്ചവരാണ് നമ്മളില്‍ പലരും. ആക്ഷന്‍ പ്രേമികളെ ആവേശത്തിലാക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പവന് കല്യാണ്‍ നായകനായ വക്കീല്‍ സാബിലെ ആക്ഷന്‍ രംഗമായിരുന്നു ഇവര്‍ പുനരവതരിപ്പിച്ച് വൈറലായത്.കുറച്ച് കുട്ടികള്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന വീഡിയോയില്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുടെ ചാകരയായിരുന്നു.
സ്ലോ മോഷനും നായകന്റെ മാസ് വരവുമൊക്കെ യാതൊരു ചിലവുമില്ലാതെയാണ് ഇവര്‍ ഫ്രെയിമുകളിലാക്കിയത്. കോരിത്തരിക്കാന്‍ ബ്രഹ്മാണ്ഡ സെറ്റോ സൂപ്പര്‍ താരങ്ങളോ പോലും വേണ്ടെന്ന് ഈ വീഡിയോയിലൂടെ ഈ കുട്ടികള്‍ തെളിയിച്ചിരിക്കുകയാണ്.
തെലുങ്കില്‍ നിന്നാണ് ഈ മിടുക്കന്മാരുടെ വരവ്. ചിത്രത്തില്‍ ഹീറോ ആയി അഭിനയിക്കുന്ന കുട്ടിയുടെ പേര് മുന്ന. റബ്ബാനി, ജലീല്‍,കേസിയ, ജാസ്മിന്, മബാഷ, സോനു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.എം. കിരണ്‍ എന്ന യുവാവ് ആണ് വിഡിയോയുടെ പിന്നിലെ താരം. സുഭാനി ആണ് ഛായാഗ്രഹണം. എഡിറ്റിങ് ലായിഖ്, ആര്‍ട്ട് ഡയറക്ടര്‍ വരുണ്‍.
ഒരുപാട് തവണ പരിശീലനം നടത്തിയ ശേഷമാണ് ഇവര്‍ ഈ ആക്ഷന്‍ രംഗങ്ങള്‍ പുനരവതരിപ്പിക്കുന്നത്.ഇതുപോലെ പല സൂപ്പര്‍ഹിറ്റ് സിനിമകളുടെയും ആക്ഷന്‍ രംഗങ്ങള്‍ ഇതിനു മുമ്പും ഇവര്‍ ചെയ്തിട്ടുണ്ട്. നെല്ലൂര്‍ കൂരല്ലു എന്റര്ടെയ്ന്മെന്റ് എന്ന പേരില്‍ ഇവര്‍ക്കൊരു യുട്യൂബ് ചാനലുമുണ്ട്.
Discussion about this post