മലയാളത്തിന്റെ മഹാപ്രതിഭകളില്‍ ഒരാളായ നടന് നെടുമുടി വേണു വിടവാങ്ങിയിരിക്കുകയാണ്. ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെടുമുടി വേണു ഇന്ന് ഉച്ചയോടെയാണ് വിടവാങ്ങിയത്.
തിരുവനന്തപുരത്തെ സൗകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. താരത്തിന്റെ മരണത്തില്‍ അനുശോചിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. സിനിമ താരങ്ങളും രാഷ്ട്രീയ സാസ്കാരിക മേഖലയിലെ പ്രമുഖരും അനുശോചനം അറിയിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മഹാപ്രതിഭയുടെ മരണത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണിപ്പോള്‍ നടി മഞ്ജു വാര്യര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടി ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നെടുമുടി വേണുവിന് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് മഞ്ജു കുറിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
അച്ഛന് മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന് മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന,ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി.
ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്. ‘ദയ’യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ ‘ഉദാഹരണം സുജാത’, ‘ജാക്ക് ആന്‍ഡ് ജില്’, ഏറ്റവും ഒടുവില്‍ ‘മരയ്ക്കാറും’ . ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം.
എവിടെയോ വായിച്ച ഓര്‍മയില്‍ ഞാന്‍ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..’കൊടുമുടി വേണു’ അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച,തണലും തണുപ്പും തന്ന ഒരു പര്‍വതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓര്‍മയായി മനസിലുണ്ടാകും എന്നും….വേദനയോടെ വിട
Discussion about this post