കൊച്ചി: ഒറ്റ തവണ ഉപയോഗിച്ച തന്റെ സാരികള്‍ വില്‍പ്പനയ്ക്കുവെച്ച് സിനിമാനടിയും നര്‍ത്തകിയുമായ നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി തന്റെ സാരികള്‍ വില്‍പ്പനയ്ക്ക് വച്ചത്.
ഒരിക്കല്‍ ഉടുത്തതോ അതുമല്ലെങ്കില്‍ വാങ്ങിയിട്ട് ധരിക്കാന്‍ പോലും സമയം കിട്ടാതെപോയതോ ആയ തന്റെ പക്കലെ വസ്ത്രങ്ങള്‍ ആണ് നടി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
ഇതിനായി പ്രീ-ലവ്ഡ് ബൈ നവ്യാ നായര്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് തുറന്നിരിക്കുകയാണ് നടി. ഇതില്‍ ഇതിനോടകം ആറ് സാരികള്‍ വില്‍പ്പനയ്ക്ക് വന്നിട്ടുണ്ട്.
വസ്ത്രങ്ങളില്‍ നാലെണ്ണം നല്ല ഒന്നാന്തരം കാഞ്ചീപുരം സാരികളാണ്. ബാക്കി രണ്ടെണ്ണം ലിനന്‍ സാരികളും. ലിനന്‍ സാരികള്‍ക്ക് 2,500 രൂപയാണ് വില.
കാഞ്ചീപുരം സാരികള്‍ 4,000- 4,500 രൂപാ നിരക്കില്‍ ലഭ്യമാവും. ബ്ലൗസ് കൂടി ചേര്‍ന്നാല്‍ വില അല്‍പ്പം കൂടും. വിശദവിവരങ്ങള്‍ നവ്യ പേജില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ആദ്യം വരുന്നവര്‍ക്കാകും പരിഗണന എന്നും ക്യാപ്ഷനുണ്ട്. ഈ സാരികള്‍ക്ക് ഷിപ്പിംഗ് ചാര്‍ജ് കൂടി നല്കി വേണം വാങ്ങാന്‍.
അതേസമയം നവ്യയുടെ പുതിയ സംരംഭത്തിന് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ഒരുപാട് വസ്ത്രങ്ങള്‍ സൂക്ഷിച്ച് വയ്ക്കാതെ ചെറിയ തുകയ്ക്ക് ഇത് വില്‍ക്കുന്നത് നല്ലൊരു ചിന്തയാണ് എന്നാണ് പിന്തുണയ്ക്കുന്നവരുടെ പ്രതികരണം.
എന്നാല്‍ പാവപ്പെട്ടവര്‍ക്ക് സൗജ്യനമായി കൊടുക്കാതെ ഇതിലും ലാഭം കാണുന്ന നിങ്ങള്‍ക്ക് പണത്തിനോട് എന്ത് ആര്‍ത്തിയാണ് എന്നാണ് വിമര്‍ശിക്കുന്നവരുടെ ചോദ്യം.
Discussion about this post