മലയാള സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ബെന്യാമിന് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്.
ചിത്രം നാളെ തീയറ്ററിലേക്ക് എത്തുകയാണ്. സിനിമ തീയറ്ററിലേക്ക് എത്തുന്ന പശ്ചാത്തലത്തില്‍ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് തെലുങ്ക് താരം പ്രഭാസ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പ്രഭാസിന്റെ പ്രതികരണം.
പൃഥ്വിരാജിന്റെ ഡെഡിക്കേഷന് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും ആടുജീവിതത്തിനായി അദ്ദേഹം ഏറെ അധ്വാനിച്ചിട്ടുണ്ടെന്ന് അറിയാമെന്നും പ്രഭാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അര്‍ഹിക്കുന്ന വിജയങ്ങള്‍ ഇനിയും ആടുജീവിതത്തെ കാത്തിരിക്കുന്നു എന്നും പ്രഭാസ് കുറിച്ചു. പ്രഭാസിനെ കൂടാതെ നിരവധി താരങ്ങളാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്.
കമല്ഹാസന്, മണിരത്നം, സൂര്യ ഉള്‍പ്പടെ സിനിമാ മേഖലയില്‍ നിന്ന് നിരവധിപ്പേര്‍ ആടുജീവിതത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കഠിന പ്രയത്നത്തിലൂടെ ആടുജീവിതം യാഥാര്‍ഥ്യമാക്കിയതിന് സംവിധായകന് ബ്ലെസിക്ക് നന്ദിയുണ്ട്. ബ്ലെസി ഇത് എങ്ങനെ ചെയ്തുവെന്നാണ് സംവിധായകന് മണിരത്നം അത്ഭുതത്തോടെ ചോദിച്ചത്.
ഈ ചിത്രത്തിനായി എടുത്ത പ്രയത്നം പ്രേക്ഷകര്‍ ശരിക്കും മനസിലാക്കണമെന്നും ചിത്രം ഗംഭീരമാണെന്നുമാണ് കമല്‍ പറഞ്ഞത്.
‘അതിജീവനത്തിന്റെ കഥ പറയാനുള്ള 14 വര്‍ഷത്തെ ആവേശമാണ് ആടുജീവിതം. ഈ പരിവര്‍ത്തനവും പരിശ്രമവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ സംഭവിക്കൂ.
സംവിധായകന് ബ്ലെസി, പൃഥ്വിരാജ്, എ ആര് റഹ്മാന് സാര്‍ എന്നിവര്‍ക്ക് ഒരു ഗ്രാന്‍ഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകള്‍’, എന്നായിരുന്നു സൂര്യയുടെ പ്രതികരണം.
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡ് നടന് ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര് ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Discussion about this post