നമ്മളില്‍ പലരും വാഹനങ്ങള്‍ ഓടിക്കുന്നവരായിരിക്കും. എന്നാല്‍ റോഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന വരകളെ കുറിച്ച് വ്യക്തമായ ധാരണ പലര്‍ക്കുമില്ല എന്നതാണ് വസ്തുത. കാണുമ്പോള്‍ ഉള്ള ഭംഗി മാത്രമാണ് പലരും നോക്കുന്നത്. എന്നാല്‍ റോഡിലെ എല്ലാ വരകള്‍ക്കും ഒരു ധര്മ്മമുണ്ട്.
സുരക്ഷിതമായ ഗതാഗതത്തിന് മാര്‍ഗനിര്‍ദേശം നല്കുന്ന നിശ്ശബ്ദസംവിധാനമാണ് റോഡിലെ അടയാളങ്ങള്‍. ഏഴുതരത്തിലുള്ള അടയാളങ്ങളാണ് റോഡില്‍ പ്രധാനമായും ക്രമീകരിക്കുന്നത്.
പ്രധാന അടയാളങ്ങള്‍ ഇങ്ങനെ
ഇടവിട്ട വെള്ളവര, അകലം കുറഞ്ഞ ഇടവിട്ട വെള്ളവര, തുടര്‍ച്ചയായ വെള്ളവര, തുടര്‍ച്ചയായ മഞ്ഞ വര, ഇരട്ട വെള്ള/ മഞ്ഞ വര, ട്രാഫിക് ലെയിന്‍ വര.
ഇടവിട്ട വെള്ളവര
ഇരുവരിപ്പാതയുടെ മധ്യരേഖ, ഇരുദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേര്‍തിരിക്കുന്നതിനു വേണ്ടിയാണ്. ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ ഇടതുഭാഗം നിലനിര്‍ത്തി വാഹനമോടിക്കുവാന്‍ സഹായിക്കുന്ന ഈ വര ഓവര്‍ ടേക്കിങ് സമയത്ത് അത്യാവശ്യമെങ്കില്‍ മുറിച്ചുകടക്കാം.
അകലം കുറഞ്ഞ ഇടവിട്ട വെള്ളവര
അപകട സാധ്യതയുള്ള സ്ഥലം സമീപിക്കുന്നു എന്ന് മുന്നറിയിപ്പു നല്കുന്ന വരകളാണ് ഇത്. ഈ വരയ്ക്ക് നീളം കൂടുതലും വരകള്‍ തമ്മിലുള്ള അകലം കുറവും ആയിരിക്കും. കുറഞ്ഞത് ഏഴു വരകള്‍ ഉണ്ടാകും. വളവുകള്‍, ജങ്ഷനുകള്‍ എന്നീ സ്ഥലങ്ങള്‍ അടുക്കുന്നതിനു മുന്‍പായി മധ്യരേഖയോട് തുടര്‍ച്ചയായിട്ടാണ് ഈ വരകള്‍ കാണുക.
തുടര്‍ച്ചയായ വെള്ളവര
ഇരുദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേര്‍തിരിക്കുന്നു. റോഡിന്റെ ഇടതുഭാഗം നിലനിര്‍ത്തിത്തന്നെ വാഹനമോടിക്കണം. വര മുറിച്ചുകടക്കുന്നതിന് നിയന്ത്രണവുമുണ്ട്.
തുടര്‍ച്ചയായ മഞ്ഞവര
മഞ്ഞവരയുള്ള ഭാഗത്ത് ഓവര്‍ ടേക്കിങ് പാടില്ല. ദൂരക്കാഴ്ച കുറവായ വളവുകളിലാണ് ഈ വരകള്‍ പൊതുവേ ഉണ്ടാകുക. ഈ വര മുറിച്ചുകടക്കുന്നത് കുറ്റകരമാണ്.
ഇരട്ട മഞ്ഞവര/ വെള്ളവര
ഇരട്ടവരയുള്ള ഭാഗത്ത് വര മുറിച്ചുകടക്കുന്നതിന് കര്‍ശനമായ നിയന്ത്രണമാണ് ഉള്ളത്.
തുടര്‍ച്ചയായ വരയും ഇടവിട്ട വരയും
ഇടവിട്ട വരയുള്ള വശത്തെ വാഹനങ്ങള്‍ക്ക് വര മുറിച്ചുകടക്കാം. പക്ഷേ തുടര്‍ച്ചയായ വരയുള്ള വശത്തെ വാഹനങ്ങള്‍ക്ക് വര മുറിച്ചുകടക്കാന്‍ അനുവാദമില്ല.
ട്രാഫിക് ലെയ്ന്‍ വര
വീതികൂടിയ റോഡുകളില്‍ ഗതാഗതം വരിവരിയായി ക്രമീകരിക്കുന്നതിനാണ് ഈ വരകള്‍. ഇടവിട്ട വെള്ള വരയായാണ് ട്രാഫിക് ലെയ്നിന് വരയ്ക്കുക. മധ്യരേഖയെ അപേക്ഷിച്ച് നീളവും വീതിയും കുറവായിരിക്കും ഈ വരകള്‍ക്ക്.
Discussion about this post