സിലിഗുരി സഫാരി പാര്‍ക്കില്‍ ‘സീത’ എന്ന പെണ്‍സിംഹത്തെ ‘അക്ബര്‍’ എന്ന് പേരുള്ള ആണ്‍സിംഹത്തിനൊപ്പം ഒരു കൂട്ടില്‍ താമസിപ്പിക്കുന്നതിന് എതിരെ വിശ്വഹിന്ദു പരിഷത്ത്. അക്ബറിനെയും സീതയെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ ഉള്ള വനം വകുപ്പ് തീരുമാനിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്.
ഈ രണ്ടു സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും, ഏറ്റവും കുറഞ്ഞത് ‘അക്ബര്‍’ എന്ന സിംഹത്തിന്റെ പേരെങ്കിലും മാറ്റണമെന്നാണ് വിഎച്ച്പിയുടെ പക്ഷം. സിംഹങ്ങള്‍ക്ക് പേരിട്ടത് സംസ്ഥാന വനം വകുപ്പാണെന്നും വിഎച്ച്പി പറയുന്നു.
ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിലിഗുരിയില്‍ എത്തിച്ച സിംഹ ജോഡികളാണിതെന്നും, സീത എന്നും അക്ബര്‍ എന്നും അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് തങ്ങള്‍ മാറ്റിയിട്ടില്ല എന്നുമാണ് സഫാരി പാര്‍ക്ക് അധികൃതര്‍ പറയുന്നത്.
ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹര്‍ജി ഈ മാസം 20ന് വിശദമായി പരിഗണിക്കുന്നതിന് മാറ്റിയിരിക്കുകയാണ്. ഫെബ്രുവരി പതിമൂന്നിനാണ് ഈ സിംഹങ്ങളെ സിലിഗുരിയിലെ സഫാരി പാര്‍ക്കിലെത്തിച്ചത്.
Discussion about this post