പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ആര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സര്പെട്ടൈ പരമ്പരൈ എന്ന ചിത്രം പ്രേക്ഷക പ്രശംസ നേടുകയാണ്. ചിത്രം ചര്‍ച്ചയായതോടെ മലയാളത്തിലും ഇത്തരത്തില്‍ ഒരു ബോക്സിങ് ചിത്രം വേണമെന്നായിരുന്നു മലയാള സിനിമ ആരാധകര്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം.
ഇപ്പോള്‍ മലയാള സിനിമ ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് സംവിധായകന് പ്രിയദര്ശന് നല്‍കുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്നത് തന്റെ സിനിമയിലായിരിക്കുമെന്നും ബോക്സിംഗ് പശ്ചാത്തമാക്കുന്ന ചിത്രമാണ് ഒരുക്കുന്നതെന്നും പ്രിയദര്ശന് വെളിപ്പെടുത്തിയിരിക്കുകയാണ്.
മലയാളിയായ ഒരു ബോക്സറുടെ വാഴ്ചയും വീഴ്ചയും പ്രമേയമാക്കുന്ന സിനിമയായിരിക്കും ഇതെന്ന് പ്രിയദര്ശന് പറഞ്ഞു. ‘ബോളിവുഡ് ഹംഗാമ’യോടാണ് പ്രിയദര്ശന് ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലും ഞാനും പല ജോണറുകളിലുള്ള സിനിമ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു സ്പോര്‍ട്സ് ഡ്രാമ പോലൊന്ന് ഇതുവരെ ചെയ്തിട്ടില്ല.
മാര്ട്ടിന് സ്കോര്‍സെസെയുടെ റേജിംഗ് ബുള്‍ എന്നെ എല്ലാ കാലത്തും ഭ്രമിപ്പിച്ചിട്ടുള്ള സിനിമയാണ്. ഈ സിനിമയെ വേണമെങ്കില്‍ ഞങ്ങളുടെ റേജിംഗ് ബുള്‍ എന്ന് വിളിക്കാമെന്നും പ്രിയദര്ശന് പറഞ്ഞു. റോബര്‍ട്ട് ഡി നിറോയെ കേന്ദ്രകഥാപാത്രമാക്കി സ്കോര്‍സസെ 1980ല്‍ സംവിധാനം ചെയ്ത റേജിംഗ് ബുള്‍ ക്ലാസിക് സിനിമകളിലൊന്നാണ്.
2021 ഓഗസ്റ്റില്‍ മോഹന്‍ലാലിനൊപ്പമുള്ള സ്പോര്‍ട്സ് ചിത്രം തുടങ്ങാനായിരുന്നു പ്രിയദര്‍ശന്റെ ആലോചന. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് , മോഹന്‍ലാല്‍ അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതുമായ സിനിമയുടെ ചിത്രീകരണം നീണ്ടുപോയിരുന്നു. ഇത് പ്രിയദര്ശന് ചിത്രത്തെയും ബാധിച്ചു.
നിലവില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ലൊക്കേഷനിലാണ് ലാല്‍. ബ്രോ ഡാഡി പൂര്‍ത്തിയാക്കി ജീത്തു ജോസഫിന്റെ ട്വല്‍ത് മാനില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. തുടര്‍ന്ന് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് കഴിഞ്ഞ് പ്രിയദര്ശന് ചിത്രം ആരംഭിക്കും.
Discussion about this post