ചെന്നൈ: തമിഴില്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുന്ന മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളും അവരില്‍ ഒരാള്‍ ഗുണാകേവില്‍ അകപ്പെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വമ്പന്‍ ഹിറ്റായിരിക്കുകയാണ്. തമിഴ്നാട്ടിലെ ഷോകള്‍ പലതും ഫുള്ളാണ്.
അതേസമയം തമിഴ്നാട്ടിലും സിനിമ വന്‍ ജനപ്രീതി നേടിയതോടെ ഗുണകേവിലേക്ക് ആളുകള്‍ എത്തുന്നതില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്സ് കണ്ട ആവേശത്തില്‍ ഗുണാ കേവില്‍ ഇറങ്ങിയിരിക്കുകയാണ് മൂന്ന് യുവാക്കള്‍.
എസ്.വിജയ്, പി.ഭരത്, പി.രഞ്ജിത് കുമാര്‍ എന്നിവരാണ് ഗുണ കേവില്‍ ഇറങ്ങാന്‍ ശ്രമിച്ചത്.
റാണിപേട്ട് സ്വദേശികളായ ഇവര്‍ക്ക് ഇരുപത്തിനാല് വയസാണ് പ്രായമെന്ന് ന്യു ഇന്ത്യന്‍ എക്സ്പ്രെസും തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
വളരെ അപകടം നിറഞ്ഞ നിരോധിത മേഖലയിലാണ് യുവാക്കള്‍ ഇറങ്ങിയത്. വിവരം അറഞ്ഞെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്യുക ആയിരുന്നു.
ഫെബ്രുവരി 22നാണ് മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ചെയ്തത്. തമിഴ്നാട്ടില്‍ വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. കളക്ഷനിലും ഇവിടെ സിനിമ മുന്നിലാണ്. നിലവില്‍ കൊടൈക്കനാലില്‍ ഓഫ് സീസണാണ് ഇത്.
എന്നാല്‍ ഗുണാ കേവ് കാണാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് സിനിമയ്ക്ക് ശേഷം ലഭിക്കുന്നതെന്ന് ആണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കുള്ളില്‍ 40,000 പേരാണ് ഇവിടേക്ക് എത്തിയത് എന്നാണ് കണക്ക്.
Discussion about this post