മലയാളികളുടെ സ്വന്തം ബോബി ചെമ്മണ്ണൂരിനെ വെല്ലുന്ന സെല്‍ഫ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ രാജാവാണ് ലെജന്‍ഡ് ശരവണന്. ലെജന്‍ഡ് എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനും ബിസിനസ്സുകാരനുമാണ് ശരവണന്. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ക്ലീന്‍ ഷേവില്‍ കണ്ടിരുന്ന ശരവണന് ഇത്തവണ താടി ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. പുതിയ സിനിമയ്ക്കു വേണ്ടിയാണ് ശരവണന്റെ ഈ മേക്കോവര്‍ എന്നാണ് അണിയറ സംസാരം. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും എന്നാണ് അറിയുന്നത്.
ദ് ലെജന്‍ഡ് ആയിരുന്നു അമ്പത്തിരണ്ട് വയസ്സുകാരനായ ഈ പുതുമുഖ നായകന്റെ അരങ്ങേറ്റ ചിത്രം. വ്യാപാര മേഖലയില്‍ തമിഴ്നാട്ടില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കോടികളുടെ വിറ്റുവരവുളള ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനാണ് ഇദ്ദേഹം. ശരവണന് തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മാണവും.
തമിഴ്നാടിന്റെ അടയാളങ്ങളില്‍ ഒന്നാണ് ശരവണ സ്റ്റോഴ്സ്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വ്യാപാരകുടുംബം. സെല്‍വരത്നം, യോഗരത്നം, രാജരത്നം എന്നീ സഹോദരന്മാര് കച്ചവടം വളര്‍ത്തി.1970 സെപ്റ്റംബര്‍ നാലിന് ടി നഗര്‍ രംഗനാഥന് തെരുവില്‍ ‘ഷണ്മുഖാ സ്റ്റോഴ്സ്’ എന്ന പേരില്‍ ചെറിയൊരു പാത്രക്കടയിലൂടെയായിരുന്നു തുടക്കം. 1973ല്‍ ശരവണ സ്റ്റോഴ്സ് എന്ന പേരില്‍ വസ്ത്രശാലയും തുടങ്ങി. പിന്നീട് വന്‍ വളര്‍ച്ചയുടെ നാളുകള്‍. സെല്വരത്നത്തിന്റെ മകനാണ് ശരവണന് അരുള്‍. വിഭജനം കഴിഞ്ഞപ്പോള്‍ ചെന്നൈയിലെ പ്രധാന സ്റ്റോറുകളുടെ ഉടമ ശരവണന് ആയി മാറി. പിന്നീട് സൂപ്പര്‍ ശരവണ, ദ് ലെജന്‍ഡ് ശരവണ സ്റ്റോറുകളിലൂടെ സ്വയം ഒരു ബ്രാന്‍ഡായി മാറി. സ്വന്തം കച്ചവടസ്ഥാപനത്തിന്റെ മുഖവും പരസ്യങ്ങളുടെ മുഖവുമായി അയാള്‍ അതിവേഗം മാറി.
പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാര്‍, നാസര്‍, മയില്‍സാമി, കോവൈ സരള, മന്‍സൂര്‍ അലിഖാന് എന്നിങ്ങനെ നീണ്ട ഒരു താരനിര തന്നെ ലെജന്ഡിലുണ്ടായിരുന്നു. ചിത്രം ഇപ്പോള്‍ ഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്.
Discussion about this post