ടോവിനോ തോമസ് ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളിക്ക് വേണ്ടി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ എന്ന വിശേഷണത്തോടെ വരുന്ന ചിത്രം മലയാളി പ്രേക്ഷകര്‍ ഒന്നടംങ്കം കാത്തിരിക്കുന്ന ചിത്രമാണ്.
ആരാധകരില്‍ പ്രതീക്ഷ വാനോളം ഉയര്‍ത്തി ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഇടിവെട്ട് ട്രെയിലര്‍ എന്നാണ് ട്രെയിലര്‍ കണ്ട ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ടോവിനോയുടെ കരിയറിലെ വഴിത്തിരിവാകും എന്നും ആരാധകര്‍ പറയുന്നു.
കൂടാതെ ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഡിസംബര്‍ 24ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെയായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.
കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ മുരളി എന്ന തയ്യല്‍ക്കാരനാണ് ടൊവിനൊയുടെ കഥാപാത്രം. ഒരിക്കല്‍ ഇടിമിന്നലേല്‍ക്കുന്ന മുരളിക്ക് ചില പ്രത്യേക കഴിവുകള്‍ ലഭിക്കുന്നു. പിന്നീടുള്ള സംഭവബഹുലമായ അയാളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.
ഗോദ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടോവിനോ-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍ഹിച്ചിരിക്കുന്നത്.മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം.സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ്. മനു ജഗദ് ആണ് കലാസംവിധാനം. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്.
Discussion about this post