മാതൃദിനത്തില്‍ അമ്മയ്ക്ക് ആശംസകൾ നേർന്ന് ഗായിക റിമി ടോമി പങ്കുവച്ച ചിത്രം വൈറലാകുന്നു. വർഷങ്ങൾക്കു മുൻപെടുത്ത ചിത്രമാണിത്. ഇന്നത്തേതിൽ നിന്നും ഏറെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ റിമി. പട്ടുപാവാടയണിഞ്ഞ് നെക്ലേസും കമ്മലുമിട്ട് ചന്ദനക്കുറിയും തൊട്ട് തനിനാടൻ പെണ്ണിന്റെ ചേലോടെയാണ് റിമി ടോമി പ്രത്യക്ഷപ്പെട്ടത്. പഴയ ചിത്രമായതിനാൽ തന്നെ തടിയുള്ള പ്രകൃതത്തിലാണ് താരം. തൊട്ടരികിൽ റിമിയുടെ തോളിൽ കൈചേർത്തു നിൽക്കുകയാണ് അമ്മ റാണി.
റിമിയുടെ പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം വൈറലായി. താരത്തിന്റെ പഴയതും പുതിയതുമായ ലുക്ക് താരതമ്യം ചെയ്തുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ. ഇത് റിമി തന്നെയാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇപ്പോഴത്തെ മാറ്റം അമ്പരപ്പിക്കുന്നു എന്നുമാണ് ആരാധകപക്ഷം. അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും റിമി ടോമി പങ്കുവയ്ക്കാറുണ്ടെങ്കിലും ഈ പഴയ ചിത്രം ആരാധകർക്കു വേറിട്ട അനുഭവമായി.
റിമി മെലിഞ്ഞ് ഇത്രയും സുന്ദരിയായതിന്റെ രഹസ്യമാണ് പലർക്കും അറിയേണ്ടത്. ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും താരം മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും റിമി ടോമി പങ്കുവയ്ക്കാറുണ്ട്.
Discussion about this post