‘ഭീഷ്മ പര്‍വ്വം’ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി സംവിധായകന് ബി ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിന് പിന്നാലെ ബി ഉണ്ണികൃഷ്ണന്-ദേവദത്ത് ഷാജി ചിത്രത്തിന്റെ നായകന് മോഹന്‍ലാല്‍ ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണം നടന്നിരുന്നു.
മോഹന്‍ലാല്‍ ആരാധകര്‍ ഈ വാര്‍ത്ത ഏറ്റെടുത്തിരുന്നു. മമ്മൂട്ടിക്ക് ഭീഷ്മ പര്‍വ്വത്തിലൂടെ ലഭിച്ചത് പോലൊരു വമ്പന്‍ ഹിറ്റ് മോഹന്‍ലാലിന് ലഭിക്കും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ മോഹന്‍ലാല്‍ ആരാധകരുടെ ഈ സന്തോഷത്തിന് മങ്ങല്‍ ഏറ്റിരിക്കുകയാണ്.
ബി ഉണ്ണികൃഷ്ണനുമായി ചേര്‍ന്നുള്ള സിനിമയിലെ നായകന് ആരെന്നതില്‍ തീരുമാനമായിട്ടില്ലെന്ന് അറിയിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ദേവദത്ത് ഇക്കാര്യം അറിയിച്ചത്.
ശ്രീ. ബി.ഉണ്ണികൃഷ്ണന് സര് സംവിധാനം ചെയ്യുന്ന, എന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന അടുത്ത ചിത്രത്തിന്റെ എഴുത്തും ചര്‍ച്ചകളും പുരോഗമിക്കുന്നതേയുള്ളു. ചിത്രത്തിലെ നായകനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്.-എന്നാണ് ദേവദത്ത് കുറിച്ചത്.
എഴുത്ത് നടക്കുന്നതേയുള്ളൂ. സിനിമയിലെ നായകന്, മറ്റു കഥാപാത്രങ്ങള്‍, ടൈറ്റില്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണനും പറഞ്ഞു.
കുടുംബ പശ്ചാത്തലത്തില്‍ വൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന കഥയാണ് സിനിമയുടേതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ട രചനയിലാണ് ഇപ്പോള്‍.
ദേവദത്ത് ഷാജിയും താനും ഒന്നര വര്‍ഷത്തോളമായി ഈ സിനിമയുടെ ചര്‍ച്ചകളിലും എഴുത്ത് പണികളിലുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ദേവദത്ത് ഷാജിയെ കൂടാതെ ‘ജന ഗണ മന’യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, രാജേഷ് രാഘവന്, കെ ആര് കൃഷ്ണകുമാര്‍, മുഹമ്മദ് ഷാഫി എന്നിവര്‍ക്കൊപ്പവും സിനിമകള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ബി ഉണ്ണികൃഷ്ണനൊപ്പം സിനിമ ചെയ്യുന്നതായി ദേവദത്ത് ഷാജി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഭീഷ്മ പര്‍വ്വത്തില്‍ അമല്‍ നീരദിനൊപ്പം സഹരചയിതാവ് ആയിരുന്നത് കൂടാതെ ‘കുമ്പളങ്ങി നൈറ്റ്സി’ല്‍ സഹസംവിധായകനായും ദേവദത്ത് ഷാജി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post