മമ്മൂട്ടി നായകനായി എത്തിയ ബ്രഹ്മയുഗം എന്ന ചിത്രം വൻ വിജയം നേടി പ്രദർശനം തുടരുകയാണ്.
ബോക്സ് ഓഫീസിൽ കുതിപ്പ് നടത്തിയ ചിത്രം ഒടിടിയിലും മികച്ച പ്രതികരണം ആണ് നേടുന്നത്.
സാധാരണയിൽ നിന്നും വ്യത്യസ്തമായി ചിത്രം എത്തിയത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റിൽ ആയിരുന്നു.
കളർ ചിത്രങ്ങളുടെ ഇടയിൽ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം വിജയ കുതിപ്പ് നടത്തുമ്പോൾ മലയാളത്തിലെ മറ്റൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനെ കുറിച്ചുള്ള ചർച്ചയാണ് സിനിമ പ്രേമികൾക്ക് ഇടയിൽ നടക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് ഒരുക്കിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ‘ഓളവും തീരവും’ എവിടെ എന്ന ചോദ്യമാണ് സൈബര്‍ ലോകത്തെ ചര്‍ച്ചകളില്‍ ഇടം നേടുന്നത്.
എംടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സിന് വേണ്ടി 10 സംവിധായകര്‍ ഒരുക്കിയ ആന്തോളജി ചിത്രത്തിലെ ഒരു കഥ ആയാണ് ‘ഓളവും തീരവും’ പ്രിയദര്ശന് ഒരുക്കിയത്.
എന്നാല്‍ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല, ഇതിന്റെ മറ്റ് അപ്ഡേറ്റുകളുമില്ല. ഈ സിനിമ എവിടെ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയില്ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന് ഹരീഷ് പേരടി.
”അത് കൃത്യമായി പറയാനറിയില്ല, എങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതിന് പിന്നില്‍ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. വളരെ ചെറിയ സിനിമയാണ്. 12 ദിവസം മാത്രമേ ചിത്രീകരണമുണ്ടായിരുന്നുള്ളൂ. ഏകദേശം 50 മിനുട്ടാണ് ദൈര്‍ഘ്യം” എന്നാണ് ഹരീഷ് പേരടി ദ ഫോര്‍ത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം, 1970ല്‍ എംടിയുടെ തിരക്കഥയില്‍ പി.എന്‍ മേനോന് സംവിധാനം ചെയ്ത ചിത്രമാണ് ‘ഓളവും തീരവും’. ഇതിന്റെ പുനരാവിഷ്ക്കാരമാണ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് ഒരുക്കുന്നത്.
മധു അവതരിപ്പിച്ച ബാപ്പുട്ടി എന്ന കഥാപാത്രമായാണ് മോഹാന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. ഉഷാനന്ദിനി അവതരിപ്പിച്ച നബീസ എന്ന കഥാപാത്രത്തെ ദുര്‍ഗ കൃഷ്ണയാണ് സ്ക്രീനിലെത്തിക്കുക. ജോസ് പ്രകാശിന്റെ കുഞ്ഞാലി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഹരീഷ് പേരടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
Discussion about this post