പാകിസ്താന് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ധീര ജവാന് കൊട്ടാരക്കര ഓടാനവട്ടം സ്വദേശി എച്ച്. വൈശാഖിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന് മോഹന്‍ലാല്‍. നിന്റെ ഓര്‍മ്മകള്‍ ഇപ്പോളും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ധീരജവാന് മോഹന്‍ലാല്‍ ആദരാജ്ഞലി അര്‍പ്പിച്ചത്.
കാശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരന് വൈശാഖിന്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി എന്നും മോഹന്‍ലാല്‍ പറഞ്ഞു. മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളില്‍ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവന് സമര്‍പ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളില്‍ വിങ്ങി നിറഞ്ഞിരുന്നു.
എന്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികള്‍- എന്നാണ് മോഹന്‍ലാല്‍ കുറിക്കുന്നത്. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു, ചേര്‍ത്തുനിന്ന് ചിത്രമെടുത്ത ഓര്‍മ്മകള്‍ ഇപ്പോളും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുവെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ജമ്മുകാശ്മീരിലെ പൂഞ്ചിലെ വനമേഖലയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. പാക് ഭീകരര്‍ നുഴഞ്ഞ് കയറുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധയ്ക്ക് പോയ സൈനീക സംഘത്തിന് നേരെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു.
ഏറ്റുമുട്ടലില്‍ അഞ്ച് സൈനീകര്‍ വീരമൃത്യു വരിച്ചു. പിന്നാലെ സൈന്യം തിരിച്ചടിച്ചു. തിരിച്ചടിയില്‍ നാല് ഭീകരരെ കൊലപ്പെടുത്തി. അതേസമയം വീരമൃത്യൂ വരിച്ച ജവാന് വൈശാഖിനെ സൈനിക ബഹുമതികളോടെ ഇന്നലെ സംസ്കരിച്ചു. കൊട്ടാരക്കര ഓടനാവട്ടത്തെ വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
Discussion about this post