ന്യൂഡല്‍ഹി: ആയുധധാരികളായ കമാന്‍ഡോകളുടെയും 250-ലേറെ പോലീസുകാരുടെയും കാവലില്‍ ഡല്‍ഹിയില്‍ ഒരു ഗുണ്ടാകല്യാണം. കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരായി.
ഡല്‍ഹി ദ്വാരക സെക്ടര്‍ മൂന്നിലെ സ്വകാര്യഹാളില്‍ കനത്ത പോലീസ് കാവലിലായിരുന്നു വിവാഹചടങ്ങുകള്‍.
വിവാഹവേദിയിലും പുറത്തും ഡല്‍ഹി പോലീസ് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
ആയുധധാരികളായ കമാന്‍ഡോകള്‍ക്ക് പുറമേ ഏകദേശം 250-ലേറെ പോലീസുകാരെയാണ് വിവാഹത്തിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായി സിസിടിവി ക്യാമറകളും ഡ്രോണ്‍ സംവിധാനവുമുണ്ട്.
ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍, സ്പെഷ്യല്‍ സ്റ്റാഫ്, ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങളില്‍നിന്നുള്ള പോലീസുകാരെയാണ് വിവാഹവേദിയില്‍ വിന്യസിച്ചിരിക്കുന്നത്.
പ്രവേശന കവാടത്തില്‍ തന്നെ പോലീസിന്റെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയുണ്ട്. വിവാഹവേദിയില്‍ പോലീസിന്റെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും നേരത്തെ പരിശോധന നടത്തിയിരുന്നു.
വിവാഹവേദിയില്‍വെച്ച് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനും പരോളിലുള്ള കാലാ ജഠെഡി രക്ഷപ്പെടാതിരിക്കാനും പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
അതിഥികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതിഥികള്‍ക്കായി പ്രത്യേക ബാര്‍കോഡ് ബാന്‍ഡും നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി പാസ്സെടുക്കാത്ത ഒരു വാഹനവും വിവാഹവേദിക്ക് സമീപം പ്രവേശിക്കാന്‍ അനുവദിക്കില്ല.
വിവാഹത്തില്‍ പങ്കെടുക്കുന്ന 150 അതിഥികളുടെ പേരുവിവരങ്ങള്‍ കാലാ ജഠെഡിയുടെ ബന്ധുക്കള്‍ നേരത്തെ പോലീസിന് കൈമാറിയിരുന്നു. ഇതിനുപുറമേ വിവാഹസല്‍ക്കാരത്തില്‍ ഭക്ഷണം വിളമ്പുന്നവര്‍ക്ക് ഉള്‍പ്പെടെ പ്രത്യേക ഐ.ഡി. കാര്‍ഡും പോലീസ് നല്‍കിയിട്ടുണ്ട്.
Discussion about this post