തിരുവനന്തപുരം: ഒന്‍പത് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹാസ്വ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു.’തീമഴ തേന്‍ മഴ’ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ്. സംവിധായകന് കുഞ്ഞുമോന് താഹയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും.
തീമഴ തേന്‍ മഴ’ എന്ന ചിത്രത്തില്‍ കറിയാച്ചന് എന്നാണ് ജഗതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞ ദിവസം ജഗതിയുടെ വീട്ടില്‍ വെച്ചുതന്നെയാണ് അദ്ദേഹമുള്‍പ്പെട്ട രംഗങ്ങള്‍ ചിത്രീകരിച്ചത്. ഒരു കാലത്ത് നാടിനെ വിറപ്പിച്ച ആളായിരുന്നു കറിയാച്ചന്. തന്റെ കുടുംബവും മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാര്‍ തന്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന്റെ പ്രതികരണമാണ് സിനിമയുടെ പ്രമേയം.
രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവായിട്ടാണ് ജഗതി അഭിനയിക്കുന്നത്. ജഗതിയുടെ വീടിന് പുറമേ കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. ശരീരഭാഷ കൊണ്ടും ആത്മഗതത്തിലൂടെയും ശക്തമായി കറിയാച്ചനെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ചുവെന്ന് സംവിധായകന് കുഞ്ഞുമോന് താഹ പറഞ്ഞു.
സെവന് ബേഡ്സ് ഫിലിംസിന്റെ ബാനറില്‍ എ.എം. ഗലീഫ് കൊടിയില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് കുഞ്ഞുമോന് താഹ, എ.വി. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം-സുനില്‍ പ്രേം, ഗാനങ്ങള്‍-ലെജിന്‍ ചെമ്മാനി, ജയകുമാര്‍ ചോറ്റാനിക്കര ,ഫിറോസ്ചാലില്‍, സംഗീതം-മുരളി അപ്പാടത്ത്, ഷാജി ഭജനമഠം, എഡിറ്റിങ്-അയൂബ് ഖാന് തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.
മാള ബാലകൃഷ്ണന്, പി.ജെ. ഉണ്ണികൃഷ്ണന്, സൂരജ് സാജന്, ആദര്‍ശ്, ലക്ഷ്മിപ്രീയ, സ്നേഹ അനില്‍, ലക്ഷ്മി അശോകന്, സെയ്ഫുദീന്‍, ഡോ. മായ, സജിപതി, കബീര്‍ദാസ്, ഷറഫ് ഓയൂര്‍, അശോകന് ശക്തികുളങ്ങര, കണ്ണന് സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂര്‍, രാജേഷ് പിള്ള, സുരേഷ് പുതുവയല്‍, ബദര്‍ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാര്‍വതി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന ജഗതി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്. അപകടത്തെ തുടര്‍ന്ന് വീല്‍ചെയറിലായ അദ്ദേഹം 2019ല്‍ ഒരു പരസ്യത്തില്‍ അഭിനയിച്ചിരുന്നു.
Discussion about this post